ബോക്സോഫീസില്‍ ഹിറ്റായി ആടുജീവിതം

മലയാള സിനിമ സമീപകാലത്തെങ്ങും കാണാത്ത ദൃശ്യ വിസ്മയമാണ് ആടുജീവിതം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് എന്നാണ് എങ്ങും റിപ്പോര്‍ട്ടുകള്‍. ജനപ്രിയമായ ബെന്യാമന്‍റെ നോവല്‍ ആടുജീവിതത്തെ ബ്ലെസി ബിഗ് സ്ക്രീനില്‍ എത്തിച്ചത്. 16 കൊല്ലം അതിന് വേണ്ടി സംവിധായകന്‍ നടത്തിയ പരിശ്രമം സ്ക്രീനില്‍ കാണാനുണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്. എന്തായാലും ബോക്സോഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് പടം.

കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോ വഴി ചിത്രത്തിന്‍റെ 2.9 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി എന്നാണ് കാണിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മണിക്കൂറില്‍ 17000 ടിക്കറ്റിന് അടുത്താണ് ഒരോ മണിക്കൂറിലും ബുക്ക് മൈ ഷോയില്‍ ആടുജീവിതത്തിനായി ബുക്ക് ചെയ്യപ്പെടുന്നത്. ആദ്യദിനത്തില്‍ കേരള ബോക്സോഫീസില്‍ 6 കോടിയിലേറെ കളക്ഷന്‍ നേടിയ ആടുജീവിതം അതിനൊത്ത പ്രകടനം രണ്ടാം ദിനത്തിലും കാഴ്ചവയ്ക്കും എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

അതേ സമയം മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങിയിരുന്നു. ഇതില്‍ എല്ലാം ചേര്‍ത്ത് സാക്നില്‍.കോം കണക്ക് പ്രകാരം ആടുജീവിതം ഇന്ത്യയില്‍ 7.45 കോടിയാണ് നേടിയത്. ഇതില്‍ മലയാളം തന്നെയാണ് മുന്നില്‍ 6.5 കോടിയാണ് മലയാളത്തില്‍ ആടുജീവിതം നേടിയത്. തമിഴ് 0.5 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി, കന്നഡ 0.04 കോടി എന്നിങ്ങനെയാണ്. ഇതോടെ ഓപ്പണിംഗ് ദിവസം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി ആടുജീവിതം മാറി.  

Vartha Malayalam News - local news, national news and international news.