കാലിഫോർണിയ: ഭക്ഷണം നൽകാനെത്തിയ ഉടമയുടെ ജീവനെടുത്ത് വീട്ടിൽ വളർത്തിയത് 13 പിറ്റ്ബുൾ നായകൾ. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമാണ് 35കാരനെ നായകൾ കടിച്ച് കീറി കൊന്ന നിലയിൽ കണ്ടെത്തിയത്. വീടിന് പിൻവശത്തുള്ള കൂടുകൾക്ക് സമീപത്തായാണ് യുവാവിന്റെ മൃതദേഹം സുഹൃത്ത് കണ്ടെത്തിയത്. 35കാരനുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച് സാധ്യമാകാതെ വന്നതോടെയാണ് സുഹൃത്ത് ഇയാളുടെ വീട്ടിലെത്തിയത്.
വീട്ടിൽ യുവാവിനെ കാണാതെ പിൻവശത്ത് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവാവ് കിടക്കുന്നത് സുഹൃത്ത് കാണുന്നത്. വിവരം അറിയിച്ചതിനേ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സഹായത്തോടെ നായകളെ നീക്കിയ ശേഷമാണ് 35കാരന്റെ ഛിന്നഭിന്നമായ മൃതദേഹം വീണ്ടെടുക്കാൻ സാധിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീടിനും പരിസരത്തുമായി സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങളിൽ നിന്ന് വ്യാഴാഴ്ച രാത്രി 7.30നും 8 മണിക്കും ഇടയിലാണ് യുവാവിനെ നായകൾ കടിച്ച് കൊന്നതെന്ന് വ്യക്തമായതായാണ് പൊലീസ് വിശദമാക്കുന്നത്.
നായകൾക്ക് ഭക്ഷണം നൽകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. വലിയ മതിൽകെട്ടിനുള്ളിൽ നിരവധി കൂടുകളിലായി വലുതും ചെറുതുമായ 13 പിറ്റ് ബുൾ ഇനത്തിലെ നായകളെയാണ് യുവാവ് വളർത്തിയിരുന്നത്. നായകളുടെ വിൽപനയും ബ്രീഡിംഗുമായി ബന്ധപ്പെട്ടായിരുന്നു യുവാവ് ജോലി ചെയ്തിരുന്നത്. വീട്ടിൽ ഇയാൾ തനിച്ചായിരുന്നു താമസം. നായ കടിച്ചേറ്റ പരിക്കുകൾ മൂലം രക്തം വാർന്നാണ് ഇയാൾ മരിച്ചിരിക്കുന്നതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്.