വിറ്റത് 95,134 ടിക്കറ്റുകള്‍! ആദ്യ ഷോയ്ക്ക് മുന്‍പേ 'മഞ്ഞുമ്മല്‍ ബോയ്‍സ്' നേടിയ കളക്ഷന്‍

സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഒന്നുകൊണ്ട് മാത്രം ഇന്ന് ഒരു സിനിമയും വിജയിക്കുന്നില്ല. ഏത് ഭാഷാ സിനിമാ മേഖലയിലെയും കാര്യമാണിത്. മലയാളവും അതില്‍ നിന്ന് വിഭിന്നമല്ല. താരങ്ങളെ കാണാനായി ആരും ഇന്ന് തിയറ്ററുകളില്‍ എത്തുന്നില്ല. മറിച്ച് നല്ല ഉള്ളടക്കമുള്ള സിനിമകളാണെങ്കില്‍ നവാഗരുടെ ചിത്രങ്ങളും പ്രേക്ഷകര്‍ വന്‍ ഹിറ്റുകളാക്കും. മികച്ച സിനിമകളാവുന്നപക്ഷം സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് ഒരു മേല്‍ക്കൈ ഉണ്ടാവുമെന്ന് മാത്രം. പ്രേമലുവിന് ശേഷം സൂപ്പര്‍സ്റ്റാറുകളൊന്നുമില്ലാതെയെത്തുന്ന മറ്റൊരു ചിത്രവും പ്രീ ബുക്കിംഗില്‍ മികച്ച പ്രതികരണം നേടിയിരിക്കുകയാണ്. ജാനെമന്‍ സംവിധായകന്‍ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ് അത്.

സമീപകാലത്ത് ഏറ്റവും കുറവ് പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണിത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ലൈറ്റ് വെയ്റ്റ് ചിത്രം ആയിരിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതിയിരുന്നത്, രണ്ടാഴ്ച മുന്‍പ് ട്രെയ്‍ലര്‍ പുറത്തെത്തുംവരെ. ട്രെയ്‍ലറിലൂടെയാണ് ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ആണെന്നും കൊടൈക്കനാലിലെ ഗുണ കേവ്സ് പശ്ചാത്തലമാക്കുന്ന, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കുന്ന ചിത്രമാണെന്നുമൊക്കെ പ്രേക്ഷകര്‍ അറിഞ്ഞത്. ചിത്രത്തിന് വന്‍ ഹൈപ്പാണ് ട്രെയ്‍ലര്‍ നല്‍കിയത്. 

ഇന്നലെ രാവിലെ മാത്രമാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ ആദ്യ ഷോ ആരംഭിക്കുന്നതിന് മുന്‍പ്, അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം ഓപണിംഗ് കളക്ഷനിലേക്ക് ചിത്രം നേടിയ തുക എത്രയെന്ന വിവരം പുറത്തെത്തിയിരിക്കുകയാണ്. 95,000 ന് മുകളില്‍ ടിക്കറ്റുകളാണ് ഒറ്റ പകല്‍ കൊണ്ട് ചിത്രത്തിന്‍റേതായി വിറ്റുപോയതെന്ന് ട്രാക്കര്‍മാരായ വാട്ട് ദി ഫസ് അറിയിക്കുന്നു. ഇതിലൂടെ ചിത്രം നേടിയിരിക്കുന്നത് 1.47 കോടിയും! 826 ട്രാക്ക്ഡ് ഷോകളില്‍ നിന്നുള്ള കണക്കാണ് ഇത്. സൂപ്പര്‍താര സാന്നിധ്യമില്ലാത്ത ഒരു ചിത്രത്തെ സംബന്ധിച്ച് ചിന്തിക്കാനാവാത്ത പ്രീ ബുക്കിംഗ് ആണ് ഇത്. മമ്മൂട്ടിയുടെ ഭ്രമയുഗം കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ മലയാളം റിലീസുകളില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ബുക്കിംഗും ഇതോടെ മഞ്ഞുമ്മല്‍ ബോയ്സ് സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ഷോയില്‍ നിന്ന് ലഭിക്കുന്ന പ്രേക്ഷകാഭിപ്രായം എന്തായിരിക്കുമെന്ന കാത്തിരിപ്പിലാണ് സിനിമാലോകം. അത് പോസിറ്റീവ് ആയി വന്നാല്‍ മലയാളത്തിന് രണ്ടാഴ്ച സമയത്തിനകം ലഭിക്കുക മൂന്നാമത്തെ ഹിറ്റ് ആയിരിക്കും.

Vartha Malayalam News - local news, national news and international news.