മുല്ലപ്പെരിയാറിന്റെ നിലവിലെ അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് വ്യക്തമാക്കുന്ന ലേഖനവുമായി ന്യൂയോര്‍ക്ക് ടൈംസ്. മുല്ലപ്പെരിയാര്‍ ഡാം വന്‍ അപകടമുണ്ടാക്കുമെന്നാണ് ഇതിലെ മുന്നറിപ്പ്. മഴ കനക്കുകയും കാലാവസ്‌ഥാ വ്യതിയാനം സംസ്‌ഥാനത്തെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ വീണ്ടും ആഗോളതലത്തില്‍ ചര്‍ച്ചയായി മാറുന്നത്. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ കേരളം സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍, അന്ന് എല്ലാം തമിഴ്‌നാടിന് അനുകൂലമാകുന്ന സ്‌ഥിതിയാണ് ഉണ്ടായത്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്ബ ബാധിത പ്രദേശത്താണ് സ്‌ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായി അണക്കെട്ട് തകര്‍ന്നാല്‍ താഴ്‌വാരത്തു താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.
അടുത്തിടെ ലിബിയയില്‍ പഴക്കം ചെന്ന രണ്ടു ഡാമുകള്‍ തകര്‍ന്ന് വലിയ തോതില്‍ ആളപായമുണ്ടായ പശ്‌ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയ്‌ക്കു മുന്നറിയിപ്പ് നല്‍കുന്നത്. അവിടെ 3,000 ആളുകളാണ് മരണപ്പെട്ടതെങ്കില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 35 ലക്ഷം പേരെ അതു ബാധിക്കുമെന്നു ലേഖനം പറയുന്നു. ലേഖനത്തില്‍നിന്ന്: "ലോകമെമ്ബാടും അണക്കെട്ടു നിര്‍മ്മാണം ദ്രുതഗതിയില്‍ നടന്ന 1970കളില്‍ നിര്‍മ്മിച്ച രണ്ടു ഡാമുകളാണ് ലിബിയയില്‍ തകര്‍ന്നത്.
എന്നാല്‍, ആധുനിക ഡാം നിര്‍മ്മാണ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്ബ് 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ അപകട സാധ്യത മുല്ലപ്പെരിയാറിനാണ്. യു.എന്‍ നടത്തിയ പഠനവും മുമ്ബ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിബിയയിലേത് തടയാന്‍ കഴിയുന്ന ദുരന്തമായിരുന്നു. ഒരു വര്‍ഷംമുമ്ബുതന്നെ മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് 100 വര്‍ഷത്തിലേറെ പഴക്കമുണ്ട്, പ്രത്യക്ഷത്തില്‍ തന്നെ കാണാനാവുന്ന കേടുപാടുകള്‍ മുല്ലപ്പെരിയാര്‍ ഡാമിന് സംഭവിച്ചിട്ടുണ്ട്. മാത്രമല്ല ഭൂകമ്ബ സാധ്യതയുള്ള പ്രദേശത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 35ലക്ഷം പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ അവര്‍ വിശദീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കാലപ്പഴക്കം ചെന്ന അണക്കെട്ടുകളില്‍ നിന്നുള്ള അപകടസാധ്യതകള്‍ കൂടുതല്‍ ആശങ്ക ഉയര്‍ത്തന്നവയാണ്.