ഹര്‍ത്താല്‍! നാളെ കേരളം നിശ്ചലമാകും; യാത്രക്കാരും വിദ്യാര്‍ത്ഥികളും ശ്രദ്ധിക്കുക

Kerala Hartal Tomorrow:

അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിധിന്‍ രാജിന്റെ മരണത്തില്‍ അട്ടിമറി ആരോപിച്ചും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടും നാളെ (ഏപ്രില്‍ 28) കേരളത്തില്‍ സംസ്ഥാനവ്യാപക ഹർത്താല്‍.

52 ദളിത്, ആദിവാസി, പൗര സംഘടനകളുടെ കൂട്ടായ്മയായ നിതിൻ രാജ് ആക്ഷൻ കൗണ്‍സിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹർത്താല്‍.

നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് ഹരാസ്മെന്റും മൂലമുണ്ടായ സംഭവമാണെന്നുമാണ് ആക്ഷൻ കൗണ്‍സില്‍ വ്യക്തമാക്കുന്നത്. അധ്യാപകരായ ഡോ. എം.കെ. റാം ഉള്‍പ്പെടെയുള്ള ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നല്‍കുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

ഹർത്താല്‍ ബന്ദായി മാറുമെന്നും റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങള്‍ തടയുമെന്നും ആക്ഷൻ കൗണ്‍സില്‍ ജില്ലാ കണ്‍വീനർ സുനില്‍ കൊയിലേരിയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാപാരികള്‍ കടകമ്പോളങ്ങള്‍ അടച്ച്‌ പൂർണ സഹകരണം നല്‍കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. അവശ്യ സേവനങ്ങള്‍ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കേരള പിന്നാക്ക സമുദായ മുന്നണി (കെപിഎസ്‌എം) ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസിക്ക് കൈമാറണം. ക്യാമ്പസ് കൊലപാതകങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായാണ് ഈ ഹർത്താല്‍ മുന്നോട്ടുവെക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

Vartha Malayalam News - local news, national news and international news.