പരിയാരം ഗവ.മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ നിലച്ചു; രോഗികളെ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്തു

കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയ നിലച്ചു. കാത് ലാബ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച രോഗികളെ കൂട്ടത്തോടെ ഡിസ്ചാർജ് ചെയ്തു. ഓപ്പറേഷൻ തിയറ്റർ അറ്റകുറ്റപണികൾക്കായി നേരത്തെ അടിച്ചിരുന്നു.

കാത് ലാബിലെ ട്യൂറോസ്കോപിക് ട്യൂബ് കേടായതാണ് ലാബിന്‍റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. ആന്‍ജിയോഗ്രാം,ആന്‍ജിയോപ്ലാസ്റ്റി ,പേസ്മേക്കര്‍ ഘടിപ്പിക്കല്‍ എന്നിവക്കായി കാത്തിരുന്ന 26 ഓളം രോഗികളെയാണ് ഇവിടെ നിന്നും ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത്.അഞ്ച് ദിവസത്തിനകം ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്ന രോഗികളെപ്പോലും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. മൂന്ന് കാത് ലാബുകളാണ് പരിയാരത്തുണ്ടായിരുന്നത്. കാലപ്പഴക്കം കാരണം ഒന്നിന്‍റെ പ്രവര്‍ത്തനം നേരത്തെ നിലച്ചിരുന്നു. രണ്ടാമത്തെ കാത് ലാബ് ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. ഈ കാത് ലാബ് യഥാസമയം അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ല. മൂന്നാമത്തെ കാത് ലാബ് കൂടി പണിമുടക്കിയതോടെയാണ് രോഗികളെ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്യുന്ന സാഹചര്യമുണ്ടായത്

Vartha Malayalam News - local news, national news and international news.