സേവ് ദ് ഡേറ്റുകൾ ഇന്നത്തെ തലമുറയ്ക്ക് പുതുമയല്ല. എന്നാൽ ഈ ട്രെൻഡില്ലാത്ത കാലത്ത് വിവാഹം കഴിച്ചവരുടെ കാര്യം അങ്ങനെയല്ലല്ലോ. ആ കുറവ് നികത്താനായി വിവാഹ വാർഷികത്തിന്റെ സേവ് ദ് ഡേറ്റ് വിഡിയോയുമായി എത്തിയിരിക്കുകയാണ് നടൻ ജോജി ജോണിന്റെ മാതാപിതാക്കളായ ജോണും ലൂസമ്മയും. 1942 :എ ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ ചുവടുപിടിച്ച് 1970: എ ലവ് സ്റ്റോറി എന്ന പേരിൽ പുറത്തിറക്കിയ ഇവരുടെ വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
ഇവരുടേത് പ്രണയവിവാഹമാണെന്നാണ് നാട്ടുകാരുടെ പക്ഷം. എന്നാൽ ഇരുവരും ഇക്കാര്യം ഇതുവരെ സമ്മതിച്ചു തന്നിട്ടില്ല. പക്ഷേ രണ്ടുപേരുടെയും വീടുകൾ അടുത്തടുത്ത് ആയതുകൊണ്ട് പറഞ്ഞു കേൾക്കുന്ന കഥയിൽ സത്യമുണ്ടാകാനാണ് സാധ്യത" എന്ന് ജോജി ജോണിന്റെ വാക്കുകൾ. 1942 :എ ലവ് സ്റ്റോറിയിലെ ഏക് ലഡ്കി കോ ദേഘാ തോ ഏസാ ലഗാ എന്ന സൂപ്പർ ഹിറ്റ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും വിഡിയോയിൽ തകർത്തഭിനയിച്ചിരിക്കുന്നത്. ജോജി സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരണം. ചലച്ചിത്ര മേഖലയിൽ മേക്കപ്പ് മാനായി പ്രവർത്തിക്കുന്ന ബോബൻ വരാപ്പുഴയാണ് വിഡിയോ ഷൂട്ടിന്റെ മേക്കപ്പ് നിർവഹിച്ചിരിക്കുന്നത്. ആത്രേയ വെഡിങ് സ്റ്റോറീസ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. വ്യത്യസ്തത എന്ന നിലയിൽ ഇത്തരം ഒരു വിഡിയോ ഷൂട്ട് ഒരുക്കിയെങ്കിലും ഇത്രയും ജനശ്രദ്ധ നേടുമെന്ന് കരുതിയിരുന്നില്ല എന്ന് ജോജി ജോൺ ജോമോൻ ജോൺ, ജിജി ജോൺ, ജിൻസി ബെന്നി എന്നിവരാണ് ജോജിയുടെ സഹോദരങ്ങൾ.
വിഡിയോ ഷൂട്ടിന്റെ ആശയം ജോജി ജോണിന്റേതു തന്നെയാണ്. അൻപതാം വിവാഹ വാർഷികം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നപ്പോഴാണ് കൊറോണ വില്ലനായി എത്തിയത്. ഇത് മൂലം ഇപ്പോൾ 53 വിവാഹ വാർഷികമാണ് വിപുലമായി ആഘോഷിക്കുന്നത്.
വിവാഹ ദിനത്തിന്റെ ഒരു റീക്രിയേഷൻ എന്ന നിലയിലാണ് ആഘോഷം ഒരുക്കിയിരിക്കുന്നത്. മുണ്ടക്കയത്തെ ഓൾഡ് ഫൊറോന പള്ളിയിൽ വച്ചാണ് ആഘോഷം. ജോണിന്റെയും ലൂസമ്മയുടെയും നൃത്തമടക്കം ധാരാളം കലാ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
വിവാഹദിനത്തിൽ ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറുടെ മകനാണ് ഇന്നത്തെ പരിപാടിയുടെ ക്യാമറാമാൻ. അന്ന് ദമ്പതികൾക്ക് കേക്ക് മുറിച്ച് മധുരംവച്ച അളിയനും പെങ്ങളും തന്നെയാണ് ഇന്നത്തെ ചടങ്ങിലും ഇരുവർക്കും മധുരം നൽകുന്നത്. ദിലീഷ് പോത്തൻ, ശ്രീകാന്ത് മുരളി, ശ്യാം പുഷ്കരൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വിനീത് ശ്രീനിവാസൻ , വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരടക്കം നിരവധി പ്രമുഖർ ഇരുവർക്കും ആശംസകൾ അറിയിക്കുകയും വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.