സ്ത്രീകൾ കൂടുതൽ സമയം ഉറങ്ങണമെന്ന് ..

ഉറങ്ങാൻ ഇഷ്ടം ഇല്ലാത്തവരായി ആരും കാണില്ല അല്ലെ.. ഒരൽപം സമയം കിട്ടിയാണ് പോലും കണ്ണടയ്ക്കുന്നവർ ഉണ്ട്. എന്നാൽ പൊതുവെ സ്ത്രീകൾക്ക് ഉറക്കം കുറവാണ്. ഉറക്കത്തിലും കുറച്ച് കൂടുതൽ സമയം സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്നാണ് ആധുനികവൈദ്യശാസ്ത്രം പറയുന്നത്. പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകതകൾ കുറയുമെങ്കിലും, പ്രായമായവർക്ക് ഇപ്പോഴും രാത്രിയിൽ 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. പക്ഷേ സ്ത്രീകളുടെ കാര്യത്തിൽ ഈ ഉറക്കം മതിയാകില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്.

,

സ്ത്രീകളുടെ മസ്തിഷ്കം വ്യത്യസ്തവും പുരുഷന്മാരേക്കാൾ സങ്കീർണവുമായതാണ് ഒരു കാരണമായി പറയുന്നത്. മൾട്ടിടാസ്‌ക് ചെയ്യുകയും തലച്ചോറ് കൂടുതൽ ഉപയോഗിക്കുകയും ചെയ്യുന്നവരാണ് സ്ത്രീകൾ എന്നതും കൂടുതൽ ഉറക്കത്തിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. കൂടാതെ, സ്ത്രീകൾക്ക് ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം എന്നിവ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്, ഇത് ഉറക്ക പ്രശ്നങ്ങൾക്ക് കാരണമാകാം. അതുകൊണ്ട് സ്ത്രീകൾ ഉറങ്ങുന്ന സമയത്തിൽ കൂടുതലും ഉണർന്നിരിക്കുന്ന സമയത്തിൽ കുറവും വരണം. പുരുഷന്മാരേക്കാൾ മൊത്തത്തിൽ മികച്ച ഉറക്കക്ഷമതയുണ്ടെങ്കിലും സ്ത്രീകൾക്ക് ഉറക്കമില്ലായ്മയുടെ സാധ്യത 40 ശതമാനം കൂടുതലാണെന്നും ഗവേഷണങ്ങൾ പറയുന്നു. സ്ഥിരമായ ഉറക്കക്കുറവ് ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്നും ഇത് വൈജ്ഞാനിക പ്രവർത്തനം, മെമ്മറി, തീരുമാനമെടുക്കാനുള്ള കഴിവുകൾ എന്നിവയെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു.

കൂടുതൽ സമയം ഉറങ്ങുന്നുണ്ടെങ്കിലും, തടസ്സങ്ങളും അസ്വസ്ഥതകളും കാരണം സ്ത്രീകൾക്ക് ഉറക്കത്തിന്റെ ഗുണനിലവാരം കുറവായിരിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മാനസികവും ശാരീരികവുമായ ഘടകങ്ങൾ ഇതിന് കാരണമാകുന്നുണ്ട്. സ്ത്രീകളുടെ ഉറക്കത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം ഹോർമോൺ വ്യതിയാനമാണ്. ആർത്തവചക്രത്തിലുടനീളം ഈസ്ട്രജൻ, പ്രോജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകൾ ഉറക്കരീതിയെ തടസ്സപ്പെടുത്തും. ആർത്തവത്തിന് മുമ്പുള്ള ഘട്ടത്തിൽ ഈ തടസ്സങ്ങൾ കൂടുതൽ പ്രകടമാകും.,ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളും ഹോർമോൺ വ്യതിയാനങ്ങളും ഉറക്കത്തെ കൂടുതൽ തടസ്സപ്പെടുത്തും. ഉറക്കത്തെ ഏറെ ബാധിക്കുന്ന ഹോർമോൺ അസ്വസ്ഥതയുടെ മറ്റൊരു കാലഘട്ടമാണ് ആർത്തവവിരാമ പരിവർത്തനം. വ്യക്തിപരമായും തൊഴിൽപരമായുമുള്ള വിവിധ റോളുകൾ അദ്ധ്വാനത്തിന്റെയും സമ്മർദ്ദത്തിന്റെയും തോത് ഉയർത്തുന്നു. ഇതും ഉറക്കത്തെ നന്നായി ബാധിക്കും.

സാങ്കേതികവിദ്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമായതിനാൽ പ്രെഫഷണൽ സമയവും സ്വകാര്യസമയവും തമ്മിലുള്ള അകലം കുറയുന്നു. സ്വയം പരിചരണത്തിനോ ഒഴിവുസമയ പ്രവർത്തനങ്ങൾക്കോ സാധ്യതയില്ലാതാകുന്നതും ഉറക്കത്തെ ബാധിക്കുന്ന കാരണമാണ്. നല്ല ഉറക്കം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം, മെറ്റബോളിസം, ചർമ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരം, ദീർഘായുസ്സ് എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങുന്നത് വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ആരോഗ്യപരമായ ഉറക്കം ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും അളവ് കുറച്ച് ജോലിസ്ഥലങ്ങളിലെ പ്രകടനം മെച്ചപ്പെടുത്തും.

ഗുണനിലവാരമുള്ള ഉറക്കത്തിന്റെ അഭാവം ഡിമെൻഷ്യ, അൽഷിമേഴ്‌സ് തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങൾക്ക് കാരണമാകും. ക്രമേണ ഇത് അമിതവണ്ണം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയിലേക്ക് നയിച്ചേക്കും.

ചുരുക്കത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ, ഭാരിച്ച ചുമതലകൾ തുടങ്ങിയ ഘടകങ്ങൾ കാരണം മിക്കപ്പോഴും സ്ത്രീകൾ കൂടുതൽ ക്ഷീണിതരാകുന്നുണ്ട്. പ്രത്യക്ഷത്തിൽ മനസിലാക്കാൻ കഴിയുന്ന ശാരീരികവും മാനസികവുമായ ഈ ഘടകങ്ങൾ സമ്മർദം സൃഷ്ടിക്കുന്നതിനാൽ സ്ത്രീകൾക്ക് സുഖകരമായ ഉറക്കം ഉറപ്പ് വരുത്തേണ്ടതുണ്ട്. സമ്മർദങ്ങൾ കുറച്ച് ശാന്തമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ഓർക്കുക. അതേസമയം ലിംഗഭേദം കണക്കിലെടുക്കാതെ വ്യക്തിഗത ഉറക്ക ആവശ്യകതകൾ വ്യാപകമായി വ്യത്യാസപ്പെട്ടേക്കാം എന്നുമോർക്കുക.

Vartha Malayalam News - local news, national news and international news.