ഇസ്രയേലിൽ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ഇസ്രയേലിൽ കാട്ടുതീ പടരുന്നതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്. ജറുസലേമിന്റെ പ്രാന്തപ്രദേശങ്ങളിലാണ് കാട്ടുതീ ആളി പടരുന്നത്. ഒരു ദശാബ്ദത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തീപ്പിടിത്തമാണ് ഇതെന്നാണ് റിപ്പോർട്ട്. 

തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഈ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരെ അനുസ്മരിക്കുന്ന ദിവസമാണ് ഈ അഗ്നിബാധ ഉണ്ടായത്. കാട്ടുതീ അണയ്ക്കാന്‍ ഇസ്രയേല്‍ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്.

കാട്ടുതീ നഗരത്തിലേക്കും പടര്‍ന്നുപിടിക്കാമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് 23 പേര്‍ക്ക് ചികിത്സ നല്‍കിയതായും 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

150 ലധികം അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാന്‍ ശ്രമം തുടരുകയാണെന്നും വിമാനങ്ങളുപയോഗിച്ചും തീ തടയാന്‍ ശ്രമിക്കുകയാണെന്നും അഗ്നിശമന സേന അറിയിച്ചിട്ടുണ്ട്. കാട്ടുതീയിൽ 17 അഗ്നിശമന നേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായും ഇതില്‍ രണ്ടു പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രിയിലെ കണക്കുപ്രകാരം മൂവായിരത്തോളം ഏക്കർ പ്രദേശം കത്തിനശിച്ചിട്ടുണ്ട്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ് തീയണയ്ക്കാൻ ബുദ്ധിമുട്ടാകുന്നത്.

Vartha Malayalam News - local news, national news and international news.