യുഎസിൽ നിന്നുള്ള കർദിനാളായ റോബർട്ട് പെർവോസ്റ്റിനെ കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ആഗോള കത്തോലിക്കാ സഭയുടെ 267-ാം മാർപാപ്പയാണ് റോബർട്ട് പെർവോസ്റ്റ്. ലിയോ പതിനാലാമൻ എന്നാണ് പുതിയ പോപ്പ് അറിയപ്പെടുക.ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തതിന്റെ അടയാളമായി സിസ്റ്റിൻ ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് മൂന്നാംവട്ടം ഉയർന്നത് വെളുത്ത പുക.ഇതോടെ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതായി സ്ഥിരീകരിച്ചു.
അതേസമയം കർദ്ദിനാള്‍മാരില്‍ ആരെയാണ് പാപ്പയായി തിരഞ്ഞെടുത്തതെന്ന വിവരം പുറത്തുവന്നിട്ടില്ല. മാർപ്പാപ്പയെ തിരഞ്ഞെടുത്ത കർദ്ദിനാല്‍ അല്പസമയത്തിനകം സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യും.
സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേള്‍ക്കാനായി എത്തിയത്. ആദ്യ ഫലം പ്രാദേശിക സമയം രാവിലെ 10.30നും രണ്ടാമത്തേത് 12നു ശേഷവും മൂന്നാമത്തേത് വൈകിട്ട് 5.30നും നാലാമത്തേത് രാത്രി 7നും വ്യക്തമാകുമെന്നാണു വത്തിക്കാൻ അറിയിച്ചിരുന്നത്. ആദ്യ രണ്ട് റൗണ്ടുകളില്‍ ചിമ്മിനിയില്‍ നിന്ന് കറുത്ത പുകയാണ് ഉയർന്നത്. വോട്ടവകാശമുള്ള 133 കർദിനാള്‍മാരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. അതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് ഒരാള്‍ക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാള്‍മാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ബലിയർപ്പിച്ചു.