‘‘ഇന്നു രാവിലെ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ആക്രമണം ഖേദജനകമാണ്. ഇന്ത്യയും പാക്കിസ്ഥാനും ഇന്നും എക്കാലവും അയൽ രാജ്യങ്ങളായിരിക്കും. ഈ രണ്ടു രാഷ്ട്രങ്ങളും ചൈനയുടെ അയൽ രാജ്യങ്ങളുമാണ്. എല്ലാ രീതിയിലുള്ള തീവ്രവാദി അക്രമങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇരു രാജ്യങ്ങളും നിയന്ത്രണം കൈവെടിയാതെ സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും സ്ഥിതിഗതികൾ വഷളാക്കുന്ന നടപടികൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണം’’. മേയ് ഏഴിനു വെളുപ്പിന് രണ്ടോടെ പാക്കിസ്ഥാന്റെയുള്ളിൽ ഒൻപത് സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന വിവിധ ഭീകര ക്യാംപുകൾക്ക് നേരെ ആക്രമണം നടത്തി അവയെ നശിപ്പിച്ച ഇന്ത്യൻ സേനയുടെ നടപടിയോടുള്ള ചൈനയുടെ പ്രതികരണമായിരുന്നു മേൽപ്പറഞ്ഞത്. പഹൽഗാമിൽ നിരായുധരായ ഒരു കൂട്ടം ഇന്ത്യക്കാരെ ഒരു കാരണവും കൂടാതെ സ്വന്തം കുടുംബാംഗങ്ങൾക്കു മുന്നിൽ വച്ച് കൂട്ടക്കുരുതി ചെയ്ത ഭീകരർക്കുള്ള ഇന്ത്യൻ സർക്കാരിന്റെ ചുട്ട മറുപടി മിക്കവാറും എല്ലാ ലോക രാഷ്ട്രങ്ങളുടെയും ശ്രദ്ധ ആകർഷിക്കുകയും അവരുടെ ഭാഗത്തു നിന്നെല്ലാം പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇവയിൽ ഇന്ന് ലോകത്തിലെ പ്രബല ശക്തികളെന്ന് വിലയിരുത്താവുന്ന അമേരിക്കയുടെയും ചൈനയുടെയും വാക്കുകൾ എന്തൊക്കെയാണ് എന്നറിയാനായിരുന്നു ഏവർക്കും കൂടുതൽ ജിജ്ഞാസ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചുരുങ്ങിയ വാക്കുകളിൽ തനിക്ക് ഈ വിഷയത്തിലുള്ള അഭിപ്രായം വ്യക്തമാക്കി. ട്രംപിന്റെ അടുത്തകാലത്തുള്ള പ്രസ്താവനകൾ ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ അജ്ഞതയും താൽപര്യക്കുറവും വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടും ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള അടുപ്പം മൂലവും ബെയ്ജിങ്ങിന്റെ നിലപാട് എന്താണെന്നറിയുവാൻ മറ്റു രാജ്യങ്ങൾക്കും നിരീക്ഷകർക്കും സാധാരണയിൽ കൂടുതൽ ആകാംക്ഷ ഉണ്ടായിരുന്നു. ഒരു മുസ്‌ലിം രാഷ്ട്രമായ പാക്കിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് അന്താരാഷ്ട്ര വേദികളിൽ ഒരു അർത്ഥശങ്കയ്ക്കും ഇടവരാത്ത രീതിയിൽ പെരുമാറുന്ന രാഷ്ട്രമാണ് ചൈന.