മോസ്‌കോ: റഷ്യയുടെ കിഴക്കൻ മേഖലയില്‍ മൂന്ന് തുടർ ഭൂകമ്ബങ്ങള്‍ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലില്‍ 7.0,6.7 തീവ്രത രേഖപ്പെടുത്തിയതായും യുഎസ് ജിയോളജിക്കല്‍ സർവേ അറിയിച്ചു.
തുടർ ഭൂകമ്ബങ്ങള്‍ക്ക് പിന്നാലെ പസഫിക്ക് തീരത്ത് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്രോപാവ്‌ലോവ്‌സ്ക് - കാംചത്ക തീരത്ത് നിന്ന് ഏകദേശം 140 കിലോമീറ്റർ കിഴക്ക് സമുദ്രത്തിന് അടിയിലാണ് 32 മിനിട്ടിനുള്ളില്‍ മൂന്ന് ശക്തമായ ഭൂകമ്ബങ്ങള്‍ ഉണ്ടായത്. നിലവില്‍ ഹവായിക്ക് സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു.
കാംചതക് തീരത്ത് അനുഭവപ്പെട്ട ഭൂചലങ്ങളില്‍ ആദ്യത്തേത് 5.0 തീവ്രത രേഖപ്പെടുത്തി. പിന്നാലെ 30 മിനിട്ടിനുള്ളില്‍ ഇതേ പ്രദേശത്ത് തുടർചലനങ്ങള്‍ ഉണ്ടായി. രണ്ടാമത്തെത് 6.7 തീവ്രതയും മൂന്നാമത്തേത് 7.0 തീവ്രതയും രേഖപ്പെടുത്തി. സമുദ്രത്തിനടിയിലെ ശക്തമായ ഭൂചലനമായതിനാല്‍ പസഫിക്കിലെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റർ ചുറ്റളവില്‍ അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ടെന്നാണ് യുഎസ് ജിയോളജിക്കല്‍ സർവേ മുന്നറിയിപ്പ് നല്‍കിയത്.