മുംബൈ: ഉറങ്ങിക്കിടക്കുന്നതിനിടെ എസി പൊട്ടിത്തെറിച്ച് 45-കാരിക്ക് ദാരുണാന്ത്യം. മുറിയിലെ എസിയാണ് പൊട്ടിത്തെറിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷോട്ട് സർക്യൂട്ട് കാരണമാണ് എസി പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വരൂപ ഷാ എന്ന യുവതിയാണ് മരിച്ചത്. ഇവർ മുംബൈയിലെ വിലെപാർലെ ഈസ്റ്റിലെ അമൃതപരിവാർ സൊസൈറ്റിക്ക് സമീപമുള്ള ഫ്ലാറ്റിൽ തനിച്ചാണ് താമസിക്കുന്നത്.
ഫ്ലാറ്റിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദവും പുക ഉയരുന്നതും ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ അകത്ത് പ്രവേശിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന സ്വരൂപയെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശരീരത്തിൽ മുഴുവൻ പൊള്ളലേറ്റ പാടുകൾ ഉണ്ട്. സംഭവ സ്ഥലത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചു. അപകടമരണത്തിന് കേസെടുത്താണ് അന്വേഷണം നടക്കുന്നത്.