ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ വരുമ്പോള്‍ ചന്ദ്രൻ കടും ചുവപ്പ് നിറത്തില്‍ കാണപ്പെടുന്ന ഈ പ്രതിഭാസം ‘ബ്ലഡ് മൂണ്‍’ (Blood Moon) എന്നാണ് അറിയപ്പെടുന്നത്. 2026-ലെ ആദ്യത്തെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം നടക്കാൻ പോകുകയാണ്. മാർച്ച് 3-ന് ഇത് ആകാശത്ത് ദൃശ്യമാകും.
അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും ഗ്രഹണം പൂർണ്ണമായി കാണാൻ സാധിക്കും. ഇന്ത്യയില്‍ ഈ ചന്ദ്രഗ്രഹണം ഭാഗികമായി മാത്രമേ ദൃശ്യമാകൂ. ഇന്ത്യയില്‍ ഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങള്‍ മാത്രമേ കാണാൻ കഴിയൂ എന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. മാർച്ച് 3-ന് വൈകുന്നേരം ചന്ദ്രൻ ഉദിക്കുമ്പോഴേക്കും ഗ്രഹണത്തിന്റെ സമ്പൂർണ്ണ ഘട്ടം അഥവാ "totality" കഴിഞ്ഞിട്ടുണ്ടാകും.
ഗ്രഹണത്തിന്റെ ‘പെൻമ്പ്രല്‍’ (penumbral) ഘട്ടത്തിലായിരിക്കും ചന്ദ്രൻ ഉദിക്കുന്നത് . അതായത് ചന്ദ്രൻ പൂർണ്ണമായും ഇരുണ്ടോ ചുവന്നോ കാണപ്പെടില്ല, പകരം അതിന്റെ തിളക്കം അല്പം കുറഞ്ഞ രീതിയിലായിരിക്കും ദൃശ്യമാകുക. രാത്രി 9:23pm - 9:25pm ഇടയിൽ ഗ്രഹണം പൂർണ്ണമായും അവസാനിക്കും.
ഭൂമിയുടെ അന്തരീക്ഷം സൂര്യപ്രകാശത്തിലെ നീല തരംഗദൈർഘ്യങ്ങളെ അരിച്ചെടുക്കുകയും നീളം കൂടിയ ചുവന്ന തരംഗദൈർഘ്യങ്ങളെ ചന്ദ്രനിലേക്ക് കടത്തിവിടുകയും ചെയ്യുന്നത് കൊണ്ടാണ് ഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പായി കാണപ്പെടുന്നത്. ആ സമയത്ത് നാം ചന്ദ്രന്റെ ഉപരിതലത്തില്‍ നില്‍ക്കുകയാണെങ്കില്‍, ഭൂമിക്ക് ചുറ്റും ഒരു ചുവന്ന പ്രകാശവളയം കാണാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്.
സൂര്യഗ്രഹണം കാണുന്നതു പോലെ ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഫില്‍ട്ടറുകളോ കണ്ണടകളോ ആവശ്യമില്ല. ഇത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുന്നത് പൂർണ്ണമായും സുരക്ഷിതമാണ്.