ടോക്കിയോ: വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയില്‍ റിക്ടർ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇതിനെത്തുടർന്ന് അധികൃതർ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ജപ്പാൻ സമയം ഇന്ന് വൈകുന്നേരം 4:53-ഓടെയാണ് ഭൂചലനം ഉണ്ടായത്. ഇവാത്തെ പ്രവിശ്യക്ക് സമീപം പസഫിക് സമുദ്രത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനം നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്കിയോ നഗരത്തിലും അനുഭവപ്പെട്ടു. തീരപ്രദേശങ്ങളില്‍ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നല്‍കി. അയോമോറി പ്രവിശ്യയുടെ തീരങ്ങളിലും ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
തീരപ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നും ജനങ്ങളോട് ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറിതാമസിക്കാൻ നിർദേശിച്ചു. തിരമാലകള്‍ ആവർത്തിച്ച് വരാൻ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു.സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് ടീമിനെ സജ്ജമാക്കി. ലോകത്ത് ഭൂചലനങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള മേഖലകളിലൊന്നാണ് ജപ്പാൻ. 2011-ല്‍ ഇതേ മേഖലയിലുണ്ടായ 9.0 തീവ്രതയിലുള്ള ഭൂചലനവും തുടർന്നുണ്ടായ സുനാമിയും വലിയ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. നിലവിലെ സാഹചര്യം അധികൃതർ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.