വൈകിട്ടത്തെ ശക്തമായ കാറ്റനിടെ ഇടിമിന്നൽ പതിച്ചെങ്കിലും കെട്ടിടത്തിനോ താമസക്കാർക്കോ ഒരു ആപത്തും സംഭവിച്ചില്ല.
ആകാശരേഖയെ പ്രകാശിപ്പിച്ച ഇടിമിന്നലിന്റെ ചിത്രങ്ങൾ ദുബൈ മീഡിയ ഓഫിസ് പുറത്തുവിട്ടിട്ടുണ്ട്. 828 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് മുകളിൽ ഇതിന് മുമ്പും പല തവണ ഇടിമിന്നൽ ഉണ്ടായിട്ടുണ്ട്. എന്ജിനീയറിങ് മികവും മിന്നൽ രക്ഷാസംവിധാനങ്ങളുമാണ് ബുർജ് ഖലീഫ പോലുള്ള ബഹുനില കെട്ടിടത്തെ സുരക്ഷിതമായി നിലനിർത്തുന്നത്.
കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ വടി പോലെ ഉയർന്നുനില്ക്കുന്ന മിന്നൽ രക്ഷാകവചം ഹൈ വോൾട്ടേജ് കെട്ടിടത്തിൽ പതിക്കാതെ സംരക്ഷിക്കുന്നു. ദുബൈയിലെ ഏറ്റവും ഉയരമുള്ള ഈ ടവർ നഗരത്തിന്റെ മിന്നൽ വടിയായി പ്രവർത്തിക്കുന്നു. ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്ന് മിന്നലിനെ പ്രതിരോധിച്ച് സുരക്ഷിതമായി സ്വീകരിച്ച് മിന്നലുകളുടെ ഗതി മാറ്റുന്നു.
ബുർജ് ഖലീഫയിലെ ഇടിമിന്നലിന്റെ ദൃശ്യങ്ങൾ കെട്ടിടത്തിലെ താമസക്കാരെയും കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസമാണ്. ടവറിന്റെ വിപുലമായ സുരക്ഷാ രൂപകല്പ്പനയും മിന്നൽ സംരക്ഷണ സംവിധാനവും കാരണം കെട്ടിടത്തിന് ഉള്ളിലുള്ള ആളുകൾക്ക് ഇതുവരെ ഒരു അപകടവും ഉണ്ടായിട്ടില്ല.
ബുർജിലെ മിന്നല് എവിടേക്കാണ് പോകുന്നത്?
ടവറിന് മുകളിലുള്ള വടിയിൽ പതിക്കുന്ന ഇടിമിന്നലിലൂടെ ഉണ്ടാവുന്ന അതിശക്തമായ വൈദ്യുത പ്രവാഹം ലോഹ ചാലകങ്ങളുടെ പുറത്തേക്ക് കൊണ്ടുപോകുന്നു. ഇതിനായി കെട്ടിടത്തിന്റെ പുറംഭാഗത്ത് കൂടി ലോഹ ചാലകങ്ങളുടെ ഒരു ശൃംഖല ഒരുക്കിയിരിക്കുന്നു. ടവറിന്റെ പുറത്തുള്ള സ്റ്റീല് ഫ്രെയിം ഒരു സുരക്ഷിത പാത പോലെ പ്രവർത്തിക്കുന്നു. ഇതിലൂടെ വൈദ്യുതി സുരക്ഷിതമായി താഴേക്ക് സഞ്ചരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
കെട്ടിടത്തിന് പുറത്ത് എത്തിക്കുന്ന വൈദ്യുത ചാർജ് അണ്ടർ ഗ്രൗണ്ട് സിസ്റ്റത്തിലൂടെ സുരക്ഷിതമായി നിലത്തേക്ക് ചിതറിക്കുന്നു. കെട്ടിടത്തിന്റെ ഉള്ളിലേക്ക് ഈ വൈദ്യുതി എത്തുന്നില്ല എന്നതിനാൽ കെട്ടിടത്തിനോ ആളുകൾക്കോ വൈദ്യുത സംവിധാനങ്ങൾക്കോ ലിഫ്റ്റുകൾ പോലുള്ള ഉപകരണങ്ങൾക്കോ ദോഷമുണ്ടാക്കുന്നില്ല എന്നതാണ് സത്യം. ശക്തമായ കാറ്റ് ഉൾപ്പെടെയുള്ള കാലാവസ്ഥാ മാറ്റങ്ങൾ സംഭവിക്കുമ്പോൾ മേഘങ്ങൾ കൂട്ടിയിടിച്ച് ഉണ്ടാവുന്ന വൈദ്യുത ഡിസ്ചാർജാണ് മിന്നല്.