സാധാരണയേക്കാള്‍ കുറഞ്ഞ മഴ; ആശങ്കയേറ്റുന്ന മണ്‍സൂണ്‍ പ്രവചനവുമായി കാലാവസ്ഥാ വകുപ്പ്

ഡല്‍ഹി: രാജ്യത്ത് ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ കുറവായിരിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 2026 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ലഭിക്കേണ്ട മഴയുടെ അളവ് ദീര്‍ഘകാല ശരാശരിയുടെ 92 ശതമാനം മാത്രമായിരിക്കുമെന്നാണ് പുതിയ പ്രവചനം.

1971 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ശരാശരി മണ്‍സൂണ്‍ മഴ 87 സെന്റീമീറ്റര്‍ ആണ്. ഇത്തവണ ഇതില്‍ കുറവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മണ്‍സൂണിനെ 'സാധാരണയ്ക്ക് താഴെ' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പസഫിക് സമുദ്രത്തില്‍ രൂപപ്പെടുന്ന എല്‍ നിനോ പ്രതിഭാസമാണ് ഇത്തവണ മഴ കുറയാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാധാരണയായി എല്‍ നിനോ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ ദുര്‍ബലമാകാറുണ്ട്.

പസഫിക്കിലെ എല്‍ നിനോ മഴയെ തടസ്സപ്പെടുത്തുമ്പോള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രതിഭാസമായ ഐ.ഒ.ഡി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മണ്‍സൂണിന്റെ അവസാന പകുതിയോടെ ഐ.ഒ.ഡി 'പോസിറ്റീവ്' ആകുന്നത് വഴി എല്‍ നിനോയുടെ ആഘാതം ഒരു പരിധിവരെ കുറയ്ക്കാനും മഴ മെച്ചപ്പെടാനും സാധ്യതയുണ്ട്.

മഴയില്‍ ഉണ്ടാകുന്ന കുറവ് കാര്‍ഷിക മേഖലയെയും ജലസംഭരണികളെയും ബാധിക്കാനിടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് കാലാവസ്ഥാ നിരീക്ഷകര്‍ ഈ മാറ്റങ്ങളെ കാണുന്നത്. എങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള അനുകൂല ഘടകങ്ങള്‍ വലിയൊരു പ്രതിസന്ധി ഒഴിവാക്കുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നുണ്ട്

Vartha Malayalam News - local news, national news and international news.