ലോകമെമ്പാടും ഇന്ന് രാത്രി സമ്പൂർണ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് ദൃശ്യമാകും

ദില്ലി: ഇന്ന് രാത്രിയിൽ സമ്പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും. ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ഇന്ന് ദൃശ്യമാകും.

ഇന്ന് കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂർണമായും ആസ്വദിക്കാം. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമീതെ വന്നു തുടങ്ങും. ഈ ഗ്രഹണ പ്രക്രിയ അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നില്‍ക്കുന്നതാണ്. ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിൽ മറയുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നില്‍ക്കും.

രാത്രി 11.41 ഓടെയാകും ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടുക. എട്ടാം തീയതി അ‍ർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്ബോള്‍ ചന്ദ്ര ബിംബംത്തിന് മുകളില്‍ നിന്ന് നിഴല്‍ മാറിത്തുടങ്ങും. 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങള്‍കൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ഏഴാം തീയതിയിലെ ഗ്രഹണം കാണാം എന്നതാണ് എറ്റവും വലിയ പ്രത്യേകത. ഇത് കഴിഞ്ഞാലൊരു പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ നിന്ന് കാണണമെങ്കില്‍ 2028 ഡിസംബർ 31വരെ കാത്തിരിക്കണം.

Vartha Malayalam News - local news, national news and international news.