ഈ പ്രപഞ്ചം അവസാനിക്കാത്ത വിസ്മയങ്ങളുടെ കലവറയാണ്. സർപ്പിളാകൃതിയിലുള്ള ഗാലക്‌സിയിലേക്ക് നീണ്ടുകിടക്കുന്ന ഒരു കൈയുടെ രൂപം ഡാർക്ക് എനർജി ക്യാമറയിൽ പതിഞ്ഞു. 'ദൈവത്തിന്‍റെ കൈ' എന്ന് വിളിപ്പേരുള്ള ഈ ഘടന വാതകങ്ങളുടെയും പൊടിയുടെയും കൂട്ടമാണ്. ചിലിയിലെ വിക്ടർ എം ബ്ലാങ്കോ ടെലിസ്‌കോപ്പിൽ സ്ഥാപിച്ച കാമറയാണ് ഈ അപൂർവ പ്രതിഭാസം പകർത്തിയത്. കോമറ്ററി ഗ്ലോബ്യൂൾ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.
1976ൽ ആണ് കോമറ്ററി ഗ്ലോബ്യൂൾ ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. ഇവയ്ക്ക് ധൂമകേതുക്കളുമായി ഒരു ബന്ധവുമില്ല. ആകൃതിയിലെ സാമ്യം കൊണ്ടാണ് ആ പേര് വന്നത്. നീളമുള്ള തിളങ്ങുന്ന വാലുള്ള ധൂമകേതുവിനെ പോലെയാണ് കോമറ്ററി ഗ്ലോബ്യൂൾ. സമീപത്തുള്ള നക്ഷത്രങ്ങളിൽ നിന്നുള്ള കനത്ത വികിരണങ്ങൾ കാരണമാണ് ഇവയുണ്ടാകുന്നത്.
ഇപ്പോള്‍ കണ്ടെത്തിയ കോമറ്റ് ഗ്ലോബ്യൂളിന്‍റെ പേര് സിജി 4 (CG 4) എന്നാണ്. ക്ഷീരപഥത്തിലെ 'പപ്പിസ്' നക്ഷത്രസമൂഹത്തിലാണ് സിജി 4 എന്ന കോമറ്ററി ഗ്ലോബ്യൂൾ കാണപ്പെട്ടത്. കൈയുടെ ആകൃതി കാരണമാണ് ഇതിന് 'ദൈവത്തിന്‍റെ കൈ' എന്ന വിളിപ്പേര് ലഭിച്ചത്. ഇത് 100 മില്യണ്‍ പ്രകാശവർഷം അകലെയുള്ള ഇഎസ്ഒ 257-19 എന്ന ഗാലക്‌സിയുടെ സമീപത്തേക്ക് നീണ്ടുകിടക്കുകയാണ്. ഈ ആകാശ ഘടനയ്ക്ക് ദൈവത്തിന്‍റെ കൈ എന്ന് പേരിട്ടെങ്കിലും ഇതിൽ അമാനുഷികമായ ഒന്നും തന്നെയില്ല.
കോമറ്റ് ഗ്ലോബ്യൂള്‍ ആദ്യമായി ശാസ്ത്രലോകത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത് തികച്ചും യാദൃച്ഛികമായാണ്. 1976ൽ യുകെയിലെ ഷ്മിഡ് ദൂരദർശിനിയിൽ നിന്നുള്ള ചിത്രങ്ങൾ പരിശോധിക്കുന്നതിനിടെയാണ് കോമറ്റ് ഗ്ലോബ്യൂള്‍ കണ്ടെത്തിയത്. ഇവയുടെ രൂപം തിരിച്ചറിയാൻ അൽപ്പം പാടാണ്. എന്നാൽ സിജി 4ലെ അയോണൈസ്ഡ് ഹൈഡ്രജൻ കാരണം മങ്ങിയ ചുവപ്പ് തിളക്കം ക്യാമറയിൽ പതിയുകയായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 7200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചിലിയിലെ വിക്ടർ എം ബ്ലാങ്കോ ടെലിസ്കോപ്പിലെ ഹൈടെക് ക്യാമറയിലാണ് 'ദൈവത്തിന്‍റെ കൈ' പതിഞ്ഞത്.