ഓഷ്യൻ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം രണ്ടായി പിളരുമെന്ന് അവകാശപ്പെടുന്നത്. ടിബറ്റന്‍ പീഠഭൂമിക്ക് താഴെയുള്ള ഇന്ത്യൻ ടെക്‌റ്റോണിക് പ്ലേറ്റ് രണ്ടായി പിളരുകയാണെന്ന് പഠനം സമര്‍ത്ഥിക്കുന്നു. പുതിയ ഭൂകമ്പ ഡാറ്റകളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനമാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. അംബരചുംബികളായ ഹിമാലയന്‍ പര്‍വ്വതങ്ങളുടെ രൂപീകരണത്തെ കുറിച്ച് നടത്തിയ പഠനമാണ് ഇന്ത്യന്‍ ടെക്റ്റോണിക് പ്ലേറ്റിന്‍റെ വിഭജന സാധ്യതയെ കുറിച്ച് ഗവേഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏകദേശം 60 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നടന്ന ഇന്ത്യൻ, യുറേഷ്യൻ ഭൂഖണ്ഡഫലകങ്ങളുടെ കൂട്ടിയിടി മൂലമാണെന്ന് ഹിമാലയന്‍ പര്‍വ്വതങ്ങള്‍ ഉയര്‍ന്നുവന്നത്. ഇന്ത്യന്‍ ടെക്‌റ്റോണിക് പ്ലേറ്റിലേക്ക് ഇടിച്ച് കയറിയ യൂറോപ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റ്, ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് ഉയരുകയായിരുന്നു എന്നാണ് നമ്മുടെ ഇതുവരെയുള്ള ധാരണ. എന്നാല്‍, ടിബറ്റൻ നീരുറവകളിലെ ഹീലിയം 3 -യുടെ അളവിനെ കുറിച്ചുള്ള അന്വേഷണത്തില്‍ തുടങ്ങിയ ഏറ്റവും പുതിയ പഠനത്തില്‍ ഈ നിരീക്ഷണങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു. വടക്കൻ ടിബറ്റിനെ അപേക്ഷിച്ച് തെക്കൻ ടിബറ്റിൽ ഹീലിയത്തിന്‍റെ അളവ് കൂടുതലാണെന്ന് പഠനം കണ്ടെത്തി, ഇത് ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റിന്‍റെ സജീവ സൂചനകളാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.