പള്ളിയിൽ വൈദികർ തമ്മിൽ നടന്ന അടിപിടി : ഒരു വൈദികനെ മഹറോൻ ചൊല്ലി പുറത്താക്കാൻ സഭയുടെ തീരുമാനം

കോട്ടയം: എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ തലയോലപ്പറമ്ബിനു സമീപത്തുള്ള പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനക്കിടെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോണ്‍ തോട്ടുപുറവും ഫാ. ജെറിന്‍ പാലത്തിങ്കലും തമ്മിലുണ്ടായ അടിപിടിയിൽ ഫാ. ജെറിനെ വലിയ മഹറോന്‍ ശിക്ഷ നൽകി പുറത്താക്കുമെന്ന് സൂചന.

കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ ശിക്ഷയാണ് വലിയ മഹറോൻ ശിക്ഷ. ഇത് സംബന്ധിച്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

ഫാ. ജോണ്‍ തോട്ടുപുറത്തിനെതിരേ നടന്ന അക്രമം അത്യന്തം വേദനാജനകവും അപലപനീയ വുമാണെന്നും നടപടി ഉടൻ ഉണ്ടാകുമെന്നും അതിരൂപതാധ്യക്ഷനായ മാര്‍ റാഫേല്‍ തട്ടിലും മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയും പറഞ്ഞിരുന്നു . കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരുന്ന സമയത്താണ് പള്ളിക്കുള്ളിൽ അടിപിടി ഉണ്ടായത്.കാസയും പീലാസയും ബൈബിളും ഉള്‍പ്പെടെ തട്ടി തെറിപ്പിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു

വർഷങ്ങളായി സഭയിലെ പല പള്ളികളിലും സംഘർഷങ്ങൾക്ക് കാരണമായ കുർബാന തർക്കം തന്നെയാണ് കോട്ടയത്തും ഉണ്ടായത്.ഫാ. ജെറിന്റെ നേതൃത്വത്തിലുള്ള ഇടവകയിലെ ജനങ്ങൾ ഫാ ജോണിനെ മർദിച്ചു എന്നാണ് സഭാ നേതൃത്വം മഹറോന് കാരണമായി പറയുന്നത്.

ഫാ ജെറിനോപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ കാനന്‍നിയമം അനുശാസിക്കുന്ന നടപടികള്‍ക്കും സഭ മുതിരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സാമാന്യ ബോധമുള്ളവര്‍ക്കു ചിന്തിക്കാന്‍ പോലും പറ്റാത്ത അക്രമ സംഭവങ്ങളാണ് പ്രസാദഗിരി പള്ളിയില്‍ അരങ്ങേറിയത്.

കുർബാനയ്ക്കിടെ വൈദികനെ ബലപ്രയോഗത്തിലൂടെ തള്ളിവീഴ്ത്തുകയും,ബൈബിളും മറ്റു വസ്തുക്കളും തകർക്കുകയും ചെയ്തു.

ബലി അര്‍പ്പിക്കാന്‍ നിന്ന വൈദികനെ വിമതര്‍ ബലമായി വട്ടം പിടിച്ചു ഉന്തുകയും വലിക്കുകയും ചെയ്തു. തുടര്‍ന്ന് ബലിപഠീത്തിന്റെ സമീപമുള്ള സങ്കീര്‍ത്തിയുടെ വാതിലിലേക്കു വലിച്ചെറിഞ്ഞു.

കമഴ്ന്നടിച്ചു വീണു ഫാ. ജോണ്‍ തോട്ടുപുറിനു നേരെ ഫാ. ജെറിന്‍ 'ഇപ്പോള്‍ മതിയായില്ലേ' എന്ന് ആക്രോശിച്ചുകൊണ്ട് നേരെ വിരല്‍ ചൂണ്ടി പാഞ്ഞടുത്തിരുന്നു.

ഫാ. ജെറിനെതിരായ നടപടി വിതര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. മറ്റു ചില വൈദികർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

എന്നാൽ കുർബാന തർക്കത്തിന് മതിയായ പരിഹാരം കാണാൻ സഭാ നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന വിമർശനം വിശ്വാസികളുടെ ഇടയിൽ ശക്തമാകുന്നുണ്ട്.

Vartha Malayalam News - local news, national news and international news.