293കോടി രൂപയുടെ ഐ ടി പാർക്കുകൾ വിവിധ ജില്ലകളിൽ.. വിദ്യാർഥികൾക്കായി വിജ്ഞാന കേരളം പദ്ധതി... കേരള ബജറ്റ് വരുമ്പോൾ പ്രഖ്യാപനങ്ങൾ ഇങ്ങനെ

293കോടി രൂപയുടെ ഐ ടി പാർക്കുകൾ വിവിധ ജില്ലകളിൽ.. വിദ്യാർഥികൾക്കായി വിജ്ഞാന കേരളം പദ്ധതി... കേരള ബജറ്റ് വരുമ്പോൾ പ്രഖ്യാപനങ്ങൾ ഇങ്ങനെ

കൊല്ലം, കണ്ണൂര്‍ നഗരങ്ങളില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.കിഫ്ബിയും കിന്‍ഫ്രയും കൊല്ലം കോര്‍പ്പറേഷനും തമ്മിലേര്‍പ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും ഐടി പാര്‍ക്ക് പദ്ധതിക്ക് രൂപം നല്‍കുക. 2025 - 2026ല്‍ പാര്‍ക്കിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ധനമന്ത്രിയുടെ പറഞ്ഞത്:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന കാര്യത്തില്‍ ഭൂമി ഏറ്റെടുത്ത് വരുമാനമുണ്ടാക്കുന്ന പദ്ധതിയായി ഇത് നടപ്പിലാക്കും. ആത്മവിശ്വാസം നല്‍കുന്ന പൈലറ്റ് പദ്ധതിയാണിത്. കൊട്ടാരക്കരയിലെ രവി നഗറില്‍ സ്ഥിതിചെയ്യുന്ന കല്ലട ജലസേചന പദ്ധതി ക്യാമ്ബസിലെ ഭൂമിയില്‍ ഒരു ഐടി പാര്‍ക്ക് സ്ഥാപിക്കും.

സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് സംവിധാനമുള്ള 97,370 ചതുരശ്രയടി ബില്‍ഡപ്പ് ഏരിയയോട് കൂടിയതായിരിക്കും ഈ ഐടി പാര്‍ക്ക്.ഈ മാര്‍ഗരേഖകളുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി പ്രയോജനപ്പെടുത്തി 100 പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള വിശദമായ പരിപാടി തയ്യാറാക്കുന്നതാണ്.

കിഫ്ബി വിഭാവനം ചെയ്യുന്ന റവന്യു ജനറേറ്റിങ്ങ് പദ്ധതികളുടെ ഭാഗമായാണ് ഇവ പ്രഖ്യാപിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഐടി പാര്‍ക്ക്സ്ഥാപിക്കുക. ഇതിനായി 293.22 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചു. പദ്ധതിക്കുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

അതേസമയം വിദ്യാര്‍ത്ഥികളെ തൊഴില്‍ പ്രാപ്തരാക്കാനുള്ള വിജ്ഞാന കേരളം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി അറിയിച്ചു. വിവിധ കോഴ്‌സുകളില്‍ അവസാന വര്‍ഷം പഠിക്കുന്ന 5 ലക്ഷം വിദ്യാര്‍ത്ഥികളെ നൈപുണ്യപരിശീലന നല്‍കി തൊഴില്‍പ്രാപ്തരാക്കുക, പഠനം പൂര്‍ത്തീകരിച്ച്‌ ശരിയായി തയ്യാറെടുപ്പിച്ച്‌ തൊഴില്‍മേളയിലൂടെ തൊഴില്‍ നല്‍കുക എന്ന ജനകീയ ക്യാംപെയിനാണ് വിജ്ഞാന കേരളം. 2025-26 ലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. തൊഴില്‍ നിയമനങ്ങളില്‍ കേരളം ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ ഒരു ലക്ഷത്തിലേറെ നിയമന ശുപാര്‍ശകള്‍ നല്‍കി കഴിഞ്ഞതായി ധനമന്ത്രി. പതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പിഎസ്‌സി നിയമനങ്ങളുടെ സിംഹഭാഗവും നടക്കുന്നത് കേരളത്തിലാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിന് ശേഷം ഇതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 8293 സ്ഥിരനിയമനങ്ങളും 34859 താത്കാലിക നിയമനങ്ങളും ഉള്‍പ്പെടെ 43152 പേര്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി തന്നെ തൊഴില്‍ നല്‍കിയതായും ധനമന്ത്രി അറിയിച്ചു.

Vartha Malayalam News - local news, national news and international news.