മൂലമറ്റത്ത് കുപസ്രിദ്ധ ഗുണ്ടയായ സാജൻ സാമുവലിനെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ നിർണായകമായത് ഓട്ടോഡ്രൈവറുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികള്‍ ഓട്ടോ വിളിച്ചത്. വണ്ടിയിടിച്ച് ചത്ത കാട്ടുപന്നിയുടെ ഇറച്ചിയാണെന്ന് പറഞ്ഞാണ് മൃതദേഹം പൊതിഞ്ഞ് ഓട്ടോയില്‍ കയറ്റിയത്. തുടർന്ന് മൂലമറ്റം തേക്കിൻകൂപ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തെത്തി ഉപേക്ഷിക്കുകയായിരുന്നു.
ഓട്ടോയില്‍ കയറ്റിയ സാധനത്തില്‍ മനുഷ്യന്റെ തലമുടി പോലെ കണ്ടതും ദുർഗന്ധം വമിച്ചതുമാണ് ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നാനിടയാക്കിയത്. തുടർന്ന് ഇയാള്‍ പിതാവിനോട് സംശയം പറഞ്ഞു. പിന്നാലെ പിതാവ് കാഞ്ഞാർ എസ്.ഐ.യെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സംഘം മൂന്നുദിവസമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് സാജൻ സാമുവലാണെന്നും കണ്ടെത്തി.
ഓട്ടോ ഡ്രൈവറുടെ സംശയത്തെത്തുടർന്ന് തേക്കിൻകൂപ്പ് ഭാഗത്ത് തിരച്ചില്‍ നടത്തിയ പോലീസ് സംഘം ഞായറാഴ്ച രാവിലെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തോളമാണ് പോലീസ് സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. വായില്‍ തോർത്ത് തിരുകിയിരുന്നു. തലയിലും ശരീരമാസകലവും വലിയ മുറിവുകളുണ്ട്. ഇടതുകൈ നഷ്ടപ്പെട്ടിരുന്നു. കൈയും കാലും ഇലക്‌ട്രിക് കേബിളും തുണിയുമുപയോഗിച്ച് വരിഞ്ഞുമുറുക്കിയ നിലയിലായിരുന്നു.
കൊല്ലപ്പെട്ടത് കുപ്രസിദ്ധ ഗുണ്ട
മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കുപ്രസിദ്ധ ഗുണ്ട സാജൻ സാമുവലാണെന്ന് പോലീസ് കണ്ടെത്തിയത്. മൃതദേഹം ഇയാളുടേതാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഉറപ്പിക്കാനായി ഡി.എൻ.എ. പരിശോധനയും നടത്തും.
ജനുവരി 30-ന് സാജനെ കാണാനില്ലെന്ന് പറഞ്ഞ് ഇയാളുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. സാജനെ പ്രതികളുടെ താമസസ്ഥലത്തുവെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിലവിലെ നിഗമനം. തുടർന്ന് മൃതദേഹം തേക്കിൻകൂപ്പ് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മൂലമറ്റം സ്വദേശികളായ ആറുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാരോണ്‍ ബെന്നി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട സാജൻ ഇടുക്കി, എറണാകുളം ജില്ലകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നാട്ടുകാർക്ക് നേരേ വാഹനം ഓടിച്ചുകയറ്റിയതിനും തോക്ക് ഉപയോഗിച്ച് വെടിയുതിർത്തതിനും ഇയാള്‍ക്കെതിരേ കേസുകളുണ്ട്. സ്ത്രീകളെ അപമാനിച്ചതിനും ഒട്ടേറെ കേസുകളുണ്ട്. ഇയാള്‍ക്കെതിരേ കാപ്പയും ചുമത്തിയിരുന്നു.
സാജനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടവർ നിർമാണത്തൊഴിലാളികളാണ്. ഇവരും സാജനും തമ്മില്‍ പരിചയമുണ്ടായിരുന്നു. ഇവർ താമസിക്കുന്ന സ്ഥലത്ത് സാജൻ ഇടയ്ക്കിടെ വന്നിരുന്നു. ഒരുമിച്ചുള്ള മദ്യപാനത്തിനിടെ സാജൻ തങ്ങളില്‍ ഒരാളെ കൊലപ്പെടുത്തുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പ്രതികള്‍ പറയുന്നത്. ഇതിനാലാണ് തങ്ങളെല്ലാം ചേർന്ന് സാജനെ കൊലപ്പെടുത്തിയതെന്നും കസ്റ്റഡിയിലുള്ളവർ മൊഴി നല്‍കിയിട്ടുണ്ട്.