ജനുവരി മുതൽ കെഎസ്ആർടിസി ബസ്സിൽ ഡിജിറ്റൽ പേയ്മെന്റ്

കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂ ആർ കോഡ് എന്നീ മാർഗങ്ങളിൽ കൂടിയും ടിക്കറ്റ് ചാർജ് ബസിൽ തന്നെ നൽകാനാകും. ഇതോടെ ബാക്കി നൽകൽ, ചില്ലറ സൂക്ഷിക്കൽ തുടങ്ങിയ സ്ഥിരം പ്രശ്നങ്ങളൊക്കെ ഒരുപരിധിവരെ ഒഴിവാകും. ടിക്കറ്റും ഡിജിറ്റലായി ഫോണിൽ ലഭിക്കും. പദ്ധതിക്ക് ‘ചലോ ആപ്’എന്ന സ്വകാര്യ കമ്പനിയുമായാണ് കരാർ. ബസ് ട്രാക്ക് ചെയ്യാനും ആപ്പിൽ സംവിധാനമുള്ളതിനാൽ വണ്ടി എവിടെയെത്തിയെന്നും യാത്രക്കാർക്കു മനസ്സിലാകും.

ഇതിനൊക്കെ സംവിധാനമുള്ള ആൻഡ്രോയ്ഡ് ടിക്കറ്റ് മെഷീനാണ് ബസുകളിൽ ഉപയോഗിക്കുക. ഒരു ടിക്കറ്റിന് 13 പൈസയാണ് ചലോ ആപ്പിന് കെഎസ്ആർടിസി നൽകേണ്ടി വരിക. ഏത് ബസിലാണു തിരക്ക് കൂടുതലെന്നു മനസ്സിലാക്കാൻ ഡേറ്റാ അനാലിസിസ് സൗകര്യവും ആപ്പിലുണ്ട്.

സീസൺ ടിക്കറ്റ്, സൗജന്യ പാസ് എന്നിവയുടെ കൃത്യമായ കണക്കും കെഎസ്ആർടിസിക്ക് ലഭിക്കും. ഡിസംബർ അവസാനത്തോടെ ട്രയൽ ആരംഭിക്കും. മുംബൈ ഉൾപ്പെടെ പ്രമുഖ ആർടിസികൾ ചലോ ആപ് വഴി ഡിജിറ്റൽ ടിക്കറ്റിങ് നടപ്പാക്കിയിട്ടുണ്ട്.

Vartha Malayalam News - local news, national news and international news.