സിനിമാ നിര്‍മാതാക്കള്‍ക്കെതിരെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. വെള്ളിയാഴ്ച മുതല്‍ പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്നു തിയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കി. തിയറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാകുംമുന്‍പ് സിനിമ ഒടിടിക്ക് നല്‍കരുതെന്നാണ് ഫിയോകിന്റെ പ്രധാന ആവശ്യം.
തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ 42 ദിവസത്തിനു ശേഷമേ ഒടിടിയിൽ പ്രദർശിപ്പിക്കാവൂ എന്ന ധാരണ ചില നിർമാതാക്കൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണു റിലീസ് നിർത്തിവയ്ക്കുന്നത്. എന്നാൽ, നിലവിൽ തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ പ്രദർശനം തുടരും.
റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60 ശതമാനത്തിൽ നിന്ന് 55 ശതമാനമായി കുറയ്ക്കുക, റിലീസിന്റെ അടുത്ത രണ്ട് ആഴ്ചകളിൽ ഇത് 50, 40 ശതമാനം വീതമാക്കി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഫിയോക് ഉന്നയിക്കുന്നു. സിംഗിൾ സ്ക്രീൻ തിയറ്ററുകളെ ഒതുക്കി മൾട്ടിപ്ലെക്സുകളെ സഹായിക്കാനാണു നിർമാതാക്കളുടെ താൽപര്യമെന്നും അവർ ആരോപിച്ചു.