കൂട്ടുകാർ വട്ടം കൂടിയിരുന്ന് മുൻപത്തെ യാത്രകളിലെ ചില സംഭവങ്ങൾ ഓർത്തു പറയാറില്ലേ? കാര്യം അതെല്ലാവരും അനുഭവിച്ചതാകും; ക്ലൈമാക്സ് പോലും അറിയാം. എന്നാലും, കൂട്ടത്തിലുള്ള കഥ പറച്ചിലുകാരന്റെ രസം പിടിച്ചുള്ള വിവരണത്തിൽ അന്ന് അനുഭവിച്ച അതേ ഉദ്വേഗനിമിഷങ്ങൾ രോമാഞ്ചത്തോടെ കേട്ടിരിക്കുന്ന പോലെയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. ഒരു യഥാർഥ സംഭവത്തെ അതിഗംഭീരമായി സിനിമയിലേക്ക് പകർത്തിവച്ചിരിക്കുകയാണ് സംവിധായകൻ ചിദംബരം. അതു കാണുമ്പോൾ, ചില നിമിഷങ്ങളിൽ പ്രേക്ഷകർ മരണത്തിന്റെ തണുപ്പ് അനുഭവിക്കും, പേടിയുടെ നിശബ്ദത അറിയും, സൗഹൃദത്തിന്റെ ചൂടും ചൂരും തിരിച്ചറിയും. ഒടുവിൽ തിരശ്ശീലയിൽ മഞ്ഞുമ്മൽ ബോയ്സ് എന്ന ടൈറ്റിൽ കാർഡ് തെളിയുമ്പോൾ വിളിച്ചു പറയും, "കയ്യടിക്കെടാ"! സർവൈവർ ത്രില്ലർ എന്നോ ഫ്രണ്ട്ഷിപ്പ് പടമെന്നോ, പേരെന്തിട്ടു വിളിച്ചാലും, മലയാളത്തിന് അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഹൃദയഹാരിയായ ത്രില്ലർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്!
ആദ്യ കയ്യടി സംവിധായകന്
നടന്ന സംഭവം സിനിമയാക്കുമ്പോഴുള്ള എല്ലാ പരിമിതികളെയും സിനിമാറ്റിക് സാധ്യതകളിലൂടെ മറികടക്കുന്ന എഴുത്തും തികവുമാണ് തിരക്കഥാകൃത്തും സംവിധായകനുമായ ചിദംബരം കാഴ്ച വച്ചിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് തമ്മിലുള്ള ഇഴയടുപ്പത്തെയും അവരുടെ വെടിച്ചില്ല് പോലുള്ള ജീവിതത്തെയും ഉത്സവത്തിന് മാലപ്പടക്കം പൊട്ടുന്ന വേഗത്തിലും താളത്തിലുമാണ് സംവിധായകൻ പറഞ്ഞു പോകുന്നത്.
വളരെ വേഗത്തിൽ അവരുടെ ലോകത്തിൽ എത്തിപ്പെടുന്ന പ്രേക്ഷകർക്ക് കൊടൈക്കനാലിലേക്ക് യാത്ര തിരിക്കുന്ന ആ 11 പേരുടെ പേരുകൾ കിട്ടിയില്ലെങ്കിലും ഓരോരുത്തരെയും കൃത്യമായി അറിയാം. അത്രയും സൂക്ഷ്മമായി ആ കഥാപാത്രങ്ങളെ റജിസ്റ്റർ ചെയ്യാൻ കഴിയുന്നത് തിരക്കഥയുടെ ബ്രില്യൻസിലൂടെയാണ്.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ നിന്ന്.
നൻപന്റെ കൈ പിടിച്ച് അതിജീവനം
ചെകുത്താന്റെ അടുക്കള എന്നറിയപ്പെടുന്ന ഗുണാ കേവ്സിൽ അകപ്പെട്ടതിനു ശേഷം സിനിമ മറ്റൊരു ട്രാക്കിലേക്ക് നീങ്ങുകയാണ്. അതുവരെ, തലതെറിച്ച കുറച്ചു പിള്ളേരുടെ വെറുമൊരു 'കൊടൈക്കനാൽ ടൂർ' എന്ന മട്ടിൽ പോയിക്കൊണ്ടിരുന്ന ചിത്രം, പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ത്രില്ലർ മൂഡിലേക്ക് മാറും. ഏകദേശം 900 അടി താഴ്ചയുള്ള കുഴിയിലെവിടെയോ കുടുങ്ങിക്കിടക്കുന്ന ഒരാൾ എങ്ങനെയായിരിക്കും ആ മണിക്കൂറുകളെ അഭിമുഖീകരിച്ചിരിക്കുക? ആ ചോദ്യത്തിനുള്ള മറുപടി, ദൃശ്യങ്ങളായി മഞ്ഞുമ്മൽ ബോയ്സിന്റെ രണ്ടാം പകുതിയിൽ പ്രേക്ഷകർക്കു കാണാം. ‘നീ ഇറങ്ങിയില്ലെങ്കിൽ ഞാൻ ഇറങ്ങും’ എന്നു പറയുന്ന കൂട്ടുകാരെ കാണുമ്പോൾ, കുടുങ്ങിക്കിടക്കുന്ന ചങ്കിനെ രക്ഷപ്പെടുത്താൻ ഏതറ്റം വരെ പോകാൻ മടി കാണിക്കാത്ത അവരുടെ സൗഹൃദത്തെ അറിയുമ്പോൾ, പ്രേക്ഷകർ അവരുടെ പക്ഷം പിടിക്കും. അതുവരെ അവർ കാണിച്ച വികൃതികൾ മറക്കും. സന്തോഷം കൊണ്ട് കണ്ണു നിറയും.
ഇവരാണ് സിനിമയുടെ ചങ്കും കരളും
ക്യാമറമാൻ ഷൈജു ഖാലിദും പ്രൊഡക്‌ഷൻ ഡിസൈനർ അജയൻ ചാലിശേരിയുമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ ചങ്കും കരളും. മലയാളികൾക്ക് സുപരിചിതമായ കൊടൈക്കനാലിനെ അതിമനോഹരമായി ക്യാമറയിൽ പകർത്തി വച്ചിട്ടുണ്ട് ഷൈജു ഖാലിദ്. എന്നാൽ, ഷൈജു ഖാലിദ് എന്ന ഛായാഗ്രാഹകൻ ഞെട്ടിപ്പിക്കുന്നത് ഗുണ കേവ്സിന് അകത്ത് പെട്ടുപോകുന്ന സീക്വൻസിലെ ഫ്രെയിമുകളിലൂടെയാണ്. ഒരു ചെറിയ ടോർച്ചിന്റെ വെളിച്ചത്തിൽ തെളിയുന്ന കാഴ്ചകളെ അതിന്റെ ഭീകരതയോടെ പ്രേക്ഷകർക്കു മുൻപിലെത്തിക്കുന്നുണ്ട് ഷൈജു. കുഴിയിൽ അകപ്പെട്ടു കിടക്കുന്ന സുഭാഷിന്റെ കാഴ്ചവട്ടവും അതിനു പുറത്തുള്ള സുഹൃത്തുക്കളുടെ കാഴ്ചയും അതേ തീവ്രതയോടെ പ്രേക്ഷകർക്ക് അനുഭവിക്കാം. ഇവയെ റിയലിസ്റ്റിക്കായി പ്രേക്ഷകരുടെ മുൻപിലെത്തിക്കുന്നതിൽ പ്രൊഡക്‌ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയുടെ പങ്ക് എടുത്തു പറയണം. കാണുന്നത് സിനിമയാണല്ലോ എന്നോർക്കുമ്പോഴാകും അതിന്റെ പ്രൊഡക്‌ഷൻ ഡിസൈനിനെക്കുറിച്ച് ആലോചിക്കുക. അത്രയും റിയലിസ്റ്റിക് ആയാണ് സിനിമയുടെ ഓരോ രംഗവും ഒരുക്കിയിരിക്കുന്നത്. (2018 എന്ന സിനിമയ്ക്കു ശേഷം പ്രേക്ഷകർ അദ്ഭുതത്തോടെ കേൾക്കാൻ പോകുന്നത് ഒരുപക്ഷേ മഞ്ഞുമ്മൽ ബോയ്സിന്റെ പ്രൊഡക്‌ഷൻ ഡിസൈനിനെക്കുറിച്ചാകും)
സുഷിന്റെ വാക്ക് തെറ്റിയില്ല
മലയാള സിനിമയുടെ ഗതി മാറ്റുന്ന സിനിമയാകും മഞ്ഞുമ്മൽ ബോയ്സെന്ന സുഷിൻ ശ്യാമിന്റെ വാക്ക് വെറുതെയായില്ല. അത്തരമൊരു സിനിമയ്ക്കു വേണ്ടി സുഷിൻ ഒരുക്കിയിരിക്കുന്നതും സമാനതയില്ലാത്ത പശ്ചാത്തലസംഗീതമാണ്. സിനിമയുടെ ആദ്യ മിനിറ്റുകളിൽത്തന്നെ ആ 'സുഷിൻ മാജിക്' പ്രേക്ഷകർ അനുഭവിക്കും. കാണുന്നതല്ല കാഴ്ച, അത് അനുഭവമാണെന്ന് തിരിച്ചറിയുന്ന തരത്തിലാണ് ഈ സിനിമയുടെ ട്രാക്ക് ചെയ്തു വച്ചിരിക്കുന്നത്. ഒരു ദൃശ്യം ആദ്യം കാണുമ്പോൾ തോന്നുന്ന ആനന്ദമല്ല, അതേ ദൃശ്യം വീണ്ടും സിനിമയിൽ കാണുമ്പോൾ അനുഭവപ്പെടുക. കൊടൈക്കനാലിലെ മഞ്ഞു പോലെ, ആദ്യമൊരു രസവും സമയം പോകുന്തോറും വിറപ്പിക്കുന്ന മരവിപ്പുമായി പശ്ചാത്തലസംഗീതം പ്രേക്ഷകരിലേക്ക് പകരും. രോമാഞ്ചവും കയ്യടിയും കണ്ണീരും തിയറ്ററിൽ നിറയുന്നുണ്ടെങ്കിൽ അതിനൊരു കാരണം, പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സംഗീതമാണ്. അതൊട്ടും ലൗഡല്ല, പക്ഷേ, ഒരു ഫീലാണ്.
ഈ ബോയ്സ് പൊളിയാണ്
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, അരുൺ കുര്യൻ, ചന്തു സലിംകുമാർ, അഭിരാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, ഖാലിദ് റഹ്മാൻ എന്നിവരാണ് മഞ്ഞുമ്മൽ ബോയ്സായി തകർത്തത്. ബോയ്സിന്റെ കുട്ടേട്ടനായി സൗബിൻ നിറഞ്ഞപ്പോൾ എല്ലാവരെയും ഞെട്ടിച്ചും ടെൻഷനടിപ്പിച്ചും ശ്രീനാഥ് ഭാസി കളം നിറഞ്ഞു. ഇവരുടെ രണ്ടുപേരുടെയും പ്രകടനമാണ് രണ്ടാം പകുതിയുടെ ആത്മാവ്. ബോയ്സിന്റെ കുട്ടിക്കാലം അഭിനയിച്ച ജൂനിയർ ബോയ്സും മികച്ചതായി. സിനിമയിൽ എല്ലാവർക്കുമുണ്ട് അവരുടേതെന്ന് പറയാൻ കഴിയുന്ന ഒരു നിമിഷം. അക്കാര്യത്തിൽ കയ്യടി വാങ്ങുന്നുണ്ട് ചന്തു സലിംകുമാറിന്റെ അഭിഷേക്. ഇത്രയും കഥാപാത്രങ്ങളെയും സീക്വൻസുകളെയും ഇഴയടുപ്പത്തോടെ ഹൃദയസ്പർശിയായി ചേർത്തുവച്ചതിൽ എഡിറ്റർ വിവേക് ഹർഷനെ അഭിനന്ദിക്കാതെ വയ്യ. പ്രത്യേകിച്ചും നോൺലീനിയറായി പോകുന്ന കഥ പറച്ചിലിൽ!
വാൽക്കഷ്ണം:
പറവ ഫിലിംസിന്റെ ബാനറലിൽ ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിന് അഭിമാനിക്കാവുന്ന ഒരു സിനിമയാണ്. മലയാളം പോലെ പരിമിതമായ ബജറ്റിൽ നിന്നുകൊണ്ട് ലോകോത്തരനിലവാരമുള്ള സർവൈവൽ ത്രില്ലറാണ് ചിദംബരവും ബോയ്സും ഒരുക്കിയിരിക്കുന്നത്. അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം എന്നിവയ്ക്കു ശേഷം ബോക്സ് ഓഫിസ് കുലുക്കാൻ തീരുമാനിച്ചുറപ്പിച്ചാണ് മഞ്ഞുമ്മൽ ബോയ്സും എത്തിയിരിക്കുന്നത്. അതുകൊണ്ട്, കാശു കൂട്ടി വച്ചോളൂ, ഈ സിനിമയും മസ്റ്റ് വാച്ച് ആണേ!