പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം ജന്മദിനം;

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.

ജവഹര്‍ലാല്‍ നെഹ്രുവിനുശേഷം മൂന്നാംവട്ടവും പ്രധാനമന്ത്രിയായ വ്യക്തി എന്ന നേട്ടവും മോദിക്ക് സ്വന്തം. അമേരിക്കയുമായുള്ള വ്യാപാരചര്‍ച്ചകളിലെല്ലാം ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് തിരിച്ചടി നല്‍കിയതുമെല്ലാം മോദിയുടെ ഈ ജന്മദിനത്തിന്റെ തിളക്കം കൂട്ടുന്നു.

പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയിട്ട് പതിനൊന്നു വര്‍ഷമായിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിതര പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. രണ്ട് പൂര്‍ണ ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര നേതാവ്. 2014-ല്‍ ആണ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തത്. അന്നു മുതല്‍ സാമ്പത്തിക-സാങ്കേതിക പുരോഗതിയ്ക്കും അടിസ്ഥാനസൗകര്യവികസത്തിനും ദേശീയ സുരക്ഷയ്ക്കും ഡിജിറ്റല്‍ സാക്ഷരതയ്ക്കും ശുചിത്വത്തിനും മുന്‍ഗണന നല്‍കുന്ന വീക്ഷണമാണ് മോദിയുടേത്. 1950 സെപ്തംബര്‍ 17 ന് ഗുജറാത്തിലെ വഡ്‌നഗറില്‍ ആണ് നരേന്ദ്ര ദാമോദര്‍ ദാസ് മോദിയുടെ ജനനം. പിന്നീട് ആര്‍ എസ് എസ് പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ചു.

1987-ല്‍ ബി ജെ പി ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. 2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം, 2014ലാണ് പ്രധാനമന്ത്രിപദവിലെത്തുന്നത്. നരേന്ദ്രമോദി നടപ്പാക്കിയ ശുചിത്വപ്രചരണപരിപാടിയായ സ്വച്ഛ് ഭാരത് അഭിയാനും ആയുഷ്മാന്‍ ഭാരതും കോവിഡ് പ്രതിരോധയത്നവും വലിയ തോതില്‍ ഫലപ്രദമാക്കപ്പെട്ടു. എന്നാല്‍ നോട്ട് നിരോധനം, പൗരത്വഭേദഗതി, കര്‍ഷകനിയമം തുടങ്ങിയവ കടുത്ത തിരിച്ചടിയായി. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാംവട്ടവും പ്രധാനമന്ത്രിപദവിയിലെത്തി. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിച്ചതും പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയതും ചൈനയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതും ജി എസ് ടി പരിഷ്‌കരണനടപടികളിലൂടെ ജനങ്ങള്‍ക്കുമേലുള്ള നികുതിഭാരം കുറച്ചതും പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചിട്ടുണ്ട്.

മധ്യപ്രദേശിലെ ധാർ ജില്ലയില്‍ രാജ്യത്തെ ആദ്യത്തെ പി എം മിത്ര പാർക്കിന് തറക്കല്ലിടുന്നത് മോദിയുടെ ജന്മദിനത്തിൻ്റെ മധുരത്തിലാണ്. ടെക്സ്റ്റൈല്‍ കമ്ബനികളില്‍ നിന്നായി 23,000 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. കൂടാതെ നരേന്ദ്രമോദിയുടെ കുട്ടിക്കാലം ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രം ചലോ ജീത്തെ ഹെ അഞ്ഞൂറ് തിയറ്ററുകളില്‍ ഇന്ന് വീണ്ടും റിലീസ് ചെയ്യും.

Vartha Malayalam News - local news, national news and international news.