സീയോൻ സഭ ഒരു യാഥാർത്ഥ്യം - തകർക്കാൻ അനുവദിക്കില്ല.

തൃശ്ശൂർ: മുരിയാടുള്ള ഇതര സാമുദായിക സ്ഥാപനങ്ങൾ പോലെ തന്നെ സീയോൻ സഭയും ഒരു യാഥാർത്ഥ്യമാണെന്നും അതിനെ നീക്കം ചെയ്യാമെന്ന തരത്തിൽ ആരും ചിന്തിക്കേണ്ടതില്ലെന്നും കളക്ടർ മുന്നറിയിപ്പു നൽകി. ഇത്തരം വിദ്രോഹ ചിന്തകളുമായി സമീപിക്കുന്ന ബാഹ്യശക്തികളെ ഒറ്റക്കെട്ടായി മുരിയാടുകാർ അകറ്റി നിർത്തണമെന്നും കളക്ടർ അഭിപ്രായപ്പെട്ടു. മുരിയാട് പ്രദേശത്തുണ്ടായിരുന്ന സംഘർഷാവസ്ഥ സംബന്ധിച്ച് നടന്ന ജില്ലാതല അവലോകന യോഗത്തിലാണ് ജില്ലാ കളക്ടർ ഹരിത .വി. നായർ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. 

കളക്ടറുടെ അദ്ധ്യതയിൽ നടന്ന യോഗത്തിൽ ജില്ലാ റൂറൽ പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡോംഗ്രെ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ, റെവന്യൂ വകുപ്പധികൃതർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതാ ചന്ദ്രൻ , മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ചിറ്റിലപ്പള്ളി, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെയും സമുദായിക സംഘടനകളുടെയും പ്രദേശിക നേതാക്കൾ എന്നിവർ പങ്കെടുത്തു.

ജില്ലാ ഭരണകൂടത്തിൻ്റെയും പോലീസിൻ്റെയും സംയുക്ത നേതൃത്വത്തിൽ നടന്ന സമാധാന ശ്രമങ്ങൾ വഴി പ്രദേശത്ത് പൂർവ്വാവസ്ഥ കൈവരിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. സാമുദായിക സ്പർദ്ദയും കലാപവും ലക്ഷ്യമിട്ടു കൊണ്ട് പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകളുടെ ഉറവിടമിടം കണ്ടെത്തി മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന നിർദ്ദേശം കളക്ടർ പോലിസധികാരികൾക്ക് നൽകി. മുരിയാട് സീയോൻ സഭാ ശുശ്രൂഷകയുടെ ചിത്രം വച്ച് അശ്ശീല പരാമർശങ്ങളോടെ പോസ്റ്ററുകൾ പതിപ്പിച്ചവരെ തിരിച്ചറിഞ്ഞ് പ്രതികളെ ഇതിനോടകം അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി ബാബു.കെ.തോമസ് യോഗം മുമ്പാകെ റിപ്പോർട്ടു ചെയ്തു. 

സീയോൻസഭാ ആസ്ഥാനം തകർക്കുമെന്ന് ഭീഷണി മുഴക്കി കലാപത്തിന് കോപ്പുകൂട്ടിയ രണ്ടു പേരും മുരിയാടുകാരല്ലായെന്നും സ്ഥാപിത താൽപ്പര്യങ്ങളോടെ വന്ന ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്സെടുത്തിട്ടും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. കോടതി നിർദ്ദേശങ്ങളും സമാധാനയോഗത്തിൻ്റെ തീരുമാനങ്ങളും ലംഘിക്കുന്നവർക്കെതിരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിൻ്റെ പ്രത്യേക അധികാരം ഉപയോഗിക്കുവാൻ മടിക്കില്ലെന്ന മുന്നറിയിപ്പും കളക്ടർ നൽകി.

Vartha Malayalam News - local news, national news and international news.