മുംബൈ: : വൻ ഗതാഗതക്കുരുക്കില്‍പ്പെട്ട ഒരുലക്ഷത്തിലധികം വാഹനങ്ങള്‍ക്ക് 5.16 കോടി രൂപ ടോള്‍ റീഫണ്ട് നല്‍കാൻ ഉത്തരവ്.
മുംബയ് - പൂനെ എക്‌സ്‌പ്രസ്‌വേയില്‍ ഈ മാസമാദ്യം ഗ്യാസ് ടാങ്കർ അപകടം കാരണം ബ്ളോക്കില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ടോള്‍ റീഫണ്ട് ലഭിക്കുമെന്ന് മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ആണ് അറിയിച്ചത്.
ഫെബ്രുവരി മൂന്നിന് എക്‌സ്‌പ്രസ്‌വേയിലെ കൊപോളി മേഖലയില്‍ ഗ്യാസ് ടാങ്കർ തലകീഴായി മറിഞ്ഞത് വൻ ഗതാഗതക്കുരുക്കിന് കാരണമാവുകയായിരുന്നു. 33 മണിക്കൂറാണ് ഗതാഗതം നിലച്ചത്. തുടർന്ന് വെള്ളവും ആഹാരവുമില്ലാതെ വാഹന യാത്രികർ വലഞ്ഞു. അപകടത്തിന് പിന്നാലെ ടോള്‍ പിരിവ് അടിയന്തരമായി നിർത്തലാക്കാൻ പ്രാദേശിക ഭരണകൂടം നിർദേശിച്ചു. എന്നാല്‍ ഇതിനിടെ അനേകം ഫാസ്‌ടാഗ് അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ പിരിച്ചിരുന്നു.
ഉത്തരവ് പുറത്തുവന്നതിനുശേഷവും ടോള്‍ പിരിച്ച അക്കൗണ്ടുകള്‍ക്കുള്‍പ്പെടെയാണ് റീഫണ്ട് നല്‍കുന്നത്. 5.16 കോടി രൂപയാണ് മഹാരാഷ്‌ട്ര സ്റ്റേറ്റ് റോഡ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ റീഫണ്ട് നല്‍കുന്നത്. അടുത്ത ദിവസങ്ങളില്‍ ഈ തുക ഫാസ്‌ടാഗ് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഫാസ്‌ടാഗ് ഇടപാടിന്റെ വിവരങ്ങള്‍ ടോള്‍ ഓപ്പറേറ്ററോട് തേടിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.