34 ചാവേറുകള്‍, നഗരത്തെ മുഴുവൻ നടുക്കും'; ഭീകരാക്രമണ ഭീഷണിയില്‍ മുംബൈ, ജാഗ്രതാനിര്‍ദേശം

മുംബൈ: മുംബൈയില്‍ ചാവേറാക്രമണ ഭീഷണി. മുംബൈയിലെ ട്രാഫിക് പോലീസ് ഹെല്‍പ്പ് ലൈനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. 34 ചാവേറുകള്‍ മനുഷ്യ ബോംബുകളായി നഗരത്തില്‍ സജ്ജമാണെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി.ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയാണ് ഭീഷണി മുഴക്കിയതെന്നും സംസ്ഥാനത്തുടനീളം സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും മുംബൈ പോലീസ് പറഞ്ഞു. 14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും മനുഷ്യബോംബുകളുള്ള 34 കാറുകള്‍ ഉപയോഗിച്ച്‌ 400 കിലോഗ്രാം ആർഡിഎക്സ് സ്ഫോടനം നടത്തുമെന്നും, ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തില്‍ അവകാശപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു റെയില്‍വേ സ്റ്റേഷൻ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. സംഭവത്തില്‍ ഒരാളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Vartha Malayalam News - local news, national news and international news.