വാഷിങ്ടൺ: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്‌കോട് കീ പാലം തകർന്ന സംഭവത്തിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച അധികൃതരെയും കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരെയും അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കൃത്യമായി 'മെയ് ഡേ' മുന്നറിയിപ്പ് നൽകിയതിനാണ് ബൈഡൻ ഇന്ത്യൻ ജീവനക്കാരെ അഭിനന്ദിച്ചത്. മുന്നറിയിപ്പ് ലഭിച്ചതുകാരണം നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽപ്പെട്ട സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ 'ഡാലി'യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്.
''കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് മേരിലാൻഡ് ഗതാഗത വകുപ്പിനെ അറിയിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞു. തൽഫലമായി, പാലം തകരുന്നതിനു മുൻപ് ഗതാഗതം നിയന്ത്രിക്കാൻ അധികാരികൾക്ക് സാധിച്ചു. തീർച്ചയായും അത് ഒരുപാട് ജീവനുകൾ രക്ഷിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ച ധീരരായ രക്ഷാപ്രവർത്തകരോടും ഞങ്ങൾ നന്ദിയുള്ളവരാണ്.'' ജോ ബൈഡൻ പറഞ്ഞു.
തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് പാലത്തിലേക്കുള്ള ഗതാഗതം തടയാൻ കഴിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും പട്ടാപ്‌സ്‌കോ നദിയിലൂടെ പാലത്തിനടുത്തേക്കു ഒഴുകിനീങ്ങുന്നതായും കപ്പലിൽനിന്നുള്ള അപായ സന്ദേശം മൂ ഹാർബർ കൺട്രോൾ റൂമിൽ ലഭിച്ചതിനു പിന്നാലെ പൊലീസും കോസ്റ്റ് ഗാർഡും രംഗത്തിറങ്ങുകയായിരുന്നു. പാലത്തിന്റെ ഇരുവശത്തും ഗതാഗതം തടയുകയും പാലത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അർധരാത്രി കഴിഞ്ഞതിനാൽ ഗതാഗതത്തിരക്ക് ഉണ്ടായിരുന്നില്ല.
പാലം പുനർനിർമ്മിക്കാനുള്ള മുഴുവൻ ചെലവും ഫെഡറൽ സർക്കാർ വഹിക്കുമെന്നും ജോ ബൈഡൻ അറിയിച്ചു. പാലം തകരാൻ ഉത്തരവാദികൾ കപ്പലും അതിന്റെ ഉടമസ്ഥരുമാണെന്നിരിക്കെ സർക്കാർ എന്തിനാണ് ചെലവ് വഹിക്കുന്നതെന്ന ചോദ്യത്തിന്, ''അതായിരിക്കാം, പക്ഷേ അതിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നില്ല. ഞങ്ങൾ പണം മുടക്കി പാലം പുനർനിർമ്മിക്കുകയും ജനങ്ങൾക്ക് തുറന്നുകൊടുക്കുകയും ചെയ്യും.'' പ്രസിഡന്റ് വ്യക്തമാക്കി.
മെറിലാൻഡ് സംസ്ഥാനത്തിന്റെ ഗവർണറും ഇന്ത്യൻ ജീവനക്കാരെ അഭിനന്ദിച്ച് രംഗത്തെത്തി. കപ്പലിലെ ജീവനക്കാർ കൃത്യസമയത്ത് 'മെയ് ഡേ' മുന്നറിയിപ്പ് നൽകിയതിനാൽ പാലത്തിലേക്ക് കൂടുതൽ വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാനുള്ള നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കാൻ കഴിഞ്ഞുവെന്നും കപ്പലിലെ ജീവനക്കാർ നായകന്മാരാണെന്നുമാണ് മെറിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞത്.
'അപകടത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. എങ്കിലും കപ്പലിലുണ്ടായിരുന്ന ജീവനക്കാരോട് നന്ദി പറയാതിരിക്കാൻ എനിക്ക് കഴിയില്ല. അവിടെയൊരു 'മെയ് ഡേ' സാഹചര്യം ഉണ്ടെന്ന മുന്നറിയിപ്പ് കപ്പലിൽ നിന്ന് ലഭിച്ച ഉടൻ ഞങ്ങൾക്ക് പാലത്തിലേക്ക് കാറുകൾ പ്രവേശിക്കുന്നത് തടയാൻ സാധിച്ചു. ഇവർ 'ഹീറോകൾ' (നായകന്മാർ) ആണ്. കഴിഞ്ഞ രാത്രി അവർ സംരക്ഷിച്ചത് നിരവധി ജീവനുകളാണ്.' -വെസ് മൂർ പറഞ്ഞു.
യുഎസിലെ ദേശീയ പാതകളിലൊന്നിലുള്ള പാലം തകർന്നതു ഗതാഗതത്തെ പ്രതികൂലമായി ബാധിക്കും. പാലം ഉടൻ പുനർനിർമ്മിക്കുമെന്ന് മേരിലാൻഡ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിനു പിന്നാലെ ബാൾട്ടിമോർ തുറമുഖം താൽക്കാലികമായി അടച്ചു. തുറമുഖത്തേക്കു കപ്പലുകളുടെ പ്രവേശനം തടഞ്ഞു. തുറമുഖത്തു നിലവിൽ ഏഴു കപ്പലുകളാണുള്ളത്.
ചൊവ്വാഴ്ച അർധരാത്രിക്കുശേഷമുണ്ടായ അപകടത്തിൽ 2.57 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്‌കോട് കീ ബ്രിജാണു തകർന്നത്. ഈ സമയം പാലത്തിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങൾ പുഴയിൽ വീണു. പാലത്തിൽ കുഴികൾ അടയ്ക്കുന്ന ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട ആറ് പേർ. ഇവരുടെ മരണം സ്ഥിരീകരിച്ചു. മുങ്ങൽവിദഗ്ദ്ധർ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടത്തി രണ്ട് പേരെ രക്ഷിച്ചു.
തുറമുഖം വിട്ട് അരമണിക്കൂറിനകമാണു കപ്പൽ നിയന്ത്രണം വിട്ട് പാലത്തിൽ ഇടിച്ചത്. ഇരുട്ടിൽ പാലം തകർന്നുവീഴുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പാലത്തിലുള്ള ഒട്ടേറെ വാഹനങ്ങളുടെ ഹെഡ്ലൈറ്റ് വെളിച്ചം വിഡിയോയിൽ കാണാം.