കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ നാം അനുദിനം അനുഭവിച്ചു വരികയാണ്. അതിന്റെ അനന്തരഫലങ്ങളിലൊന്നാണ് സമുദ്രങ്ങളുടെ നിറം മാറുന്ന പ്രതിഭാസം. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ലോകത്തിലെ പകുതിയിലധികം സമുദ്രങ്ങളുടെയും നിറം പച്ചയായി എന്നാണ് പുതിയ പഠന ഫലങ്ങൾ വ്യക്തമാക്കുന്നത്.
യുകെയിലെ നാഷനൽ ഓഷ്യാനോഗ്രഫി സെന്ററിലെയും മസാച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ഗവേഷകർ അടങ്ങുന്ന സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. സമുദ്രങ്ങളുടെ 56 ശതമാനത്തിൽ അധികവും അസ്വാഭാവികമായ നിറംമാറ്റത്തിന് വിധേയമായിട്ടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂമധ്യരേഖയോട് ചേർന്ന് കിടക്കുന്ന ഉഷ്ണമേഖലാ സമുദ്രങ്ങളുടെ നിറത്തിൽ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ പച്ചപ്പ് അധികമായിട്ടുണ്ട്. ആവാസ വ്യവസ്ഥയിൽ ഉണ്ടായ കാതലായ മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് നേച്ചർ എന്ന ജേണലിൽ പങ്കുവച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
സമുദ്രത്തിന്റെ ഉപരിതലത്തിലുള്ള പാളികളിലെ വസ്തുക്കളുടെ സാന്നിധ്യത്തിൽ നിന്നുമാണ് നിറം വെളിവാകുന്നത്. കടുത്ത നീല നിറത്തിൽ കാണപ്പെടുന്ന സമുദ്ര ഭാഗത്ത് ജീവജാലങ്ങൾ കുറവായിരിക്കും. എന്നാൽ പച്ചനിറമുള്ള ഭാഗങ്ങളിൽ ക്ലോറോഫിൽ അടങ്ങിയ സസ്യരൂപത്തിലുള്ള ജീവാണുക്കളായ ഫൈറ്റോപ്ലാങ്ക്ടണുകളെ അടിസ്ഥാനമാക്കിയ ആവാസ വ്യവസ്ഥകൾ ഉണ്ടാവും. ക്രില്ലുകൾ, മത്സ്യങ്ങൾ, കടൽ പക്ഷികൾ, സമുദ്ര സസ്തനികൾ തുടങ്ങിയ ജീവികളുടെ നിലനിൽപ്പിന് ആവശ്യമായ ഭക്ഷ്യ ശൃംഖലയുടെ അടിസ്ഥാനം ഈ ഫൈറ്റോപ്ലാങ്ക്ടണുകളാണ്.
എന്നാൽ ഇത്തരം ആവാസ വ്യവസ്ഥകളിൽ എങ്ങനെയാണ് മാറ്റം വരുന്നത് എന്നത് വ്യക്തമായിട്ടില്ല എന്ന് മസാച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ റിസർച്ച് സൈന്റിസ്റ്റായ സ്റ്റെഫാനി പറയുന്നു. ചില മേഖലകളിൽ ഫൈറ്റോപ്ലാങ്ക്ടണുകളുടെ സാന്നിധ്യം കുറവാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ കൂടുതലായിരിക്കും. ഇവയുടെ സാന്നിധ്യത്തിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസം പോലും സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയിൽ വലിയ രീതിയിൽ സ്വാധീനം ഉണ്ടാക്കും. ഈ മാറ്റങ്ങളെല്ലാം സ്വാഭാവിക ആവാസ വ്യവസ്ഥയുടെ സന്തുലനം നഷ്ടപ്പെടാനും കാരണമാകുന്നുണ്ട്. എന്നാൽ സമുദ്രതാപനം വർധിക്കുന്നതനുസരിച്ച് ഈ അസന്തുലിതാവസ്ഥ കൂടുതൽ മോശപ്പെട്ട നിലയിലേക്ക് പോകാനാണ് സാധ്യത എന്നും സ്റ്റെഫാനി വ്യക്തമാക്കി.
വിവിധ മേഖലകളിലെ സമുദ്രങ്ങളുടെ ഉപരിതലത്തിൽ നിന്നും എത്രത്തോളം പച്ചനിറവും നീല നിറവും പ്രതിഫലിക്കുന്നുണ്ടെന്ന് അക്വാ സാറ്റലൈറ്റിന്റെ സഹായത്തോടെയാണ് ഗവേഷകർ വിലയിരുത്തിയത്. 2002 മുതൽ 2022 വരെ സമുദ്രങ്ങളുടെ നിറത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം ഗവേഷകർ ശേഖരിച്ചു. ആഗോള താപനിലയും മലിനീകരണവും വർധിച്ചാൽ സമുദ്രങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്ന് കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം. അന്തരീക്ഷത്തിൽ ഹരിത ഗൃഹ വാതകങ്ങളുടെ സാന്നിധ്യം അധികമായാൽ സമുദ്രത്തിന്റെ 50 ശതമാനത്തിൽ അധികവും നിറം മാറ്റത്തിന് വിധേയമാകുമെന്ന നിഗമനത്തിൽ ഗവേഷകർ എത്തുകയും ചെയ്തു. പ്രകൃതിയിലുള്ള മനുഷ്യന്റെ ഇടപെടലുകളുടെ ഫലമായി ഉണ്ടായ രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ സ്വാഭാവിക സംവിധാനങ്ങളെ എല്ലാം സാരമായി ബാധിച്ചുവെന്നതാണ് പഠനത്തിലൂടെ വ്യക്തമായതെന്ന് ഗവേഷകർ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം ദുരിതം ബാധിക്കാനിടയുള്ള 50 സംസ്ഥാനങ്ങളുടെ 80 ശതമാനവും സ്ഥിതി ചെയ്യുന്നത് ചൈന, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെന്ന് കണ്ടെത്തൽ. 2050-ഓടെ ഈ മേഖലകൾ കാലാവസ്ഥാ പ്രതിസന്ധി നേരിടുകയെന്നും XDI Cross Dependency Initiative പുറത്തിറക്കിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാലാവസ്ഥാ വ്യതിയാനം അതിരൂക്ഷമായി ബാധിക്കുന്ന 20 മേഖലകളിൽ16 എണ്ണവും സ്ഥിതി ചെയ്യുന്നത് ചൈനയിലാണ്. ആഗോള തലത്തിൽ തന്നെ അതിപ്രധാനമായ ഉത്പാദന കേന്ദ്രങ്ങളുള്ള മേഖലകൾ കൂടിയാണിത്. ലോകമെമ്പാടും 2,600 മേഖലകളെയാണ് എക്‌സ്ഡിഐ പഠന വിധേയമാക്കിയത്. കാലാവസ്ഥാ മാതൃകകളും പരിസ്ഥിതി സംബന്ധിയായ വിവരങ്ങളും ക്രോഡീകരിച്ച് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ സംഘടന വിലയിരുത്തുകയായിരുന്നു.