കണ്‍സഷൻവർധിപ്പിക്കാൻ കഴിയില്ല, വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിട്ട് തീരുമാനമെടുക്കും : കെ ബി ഗണേഷ്‌കുമാർ

സ്വകാര്യ ബസ് സമരത്തില്‍ നിലപാട് വ്യക്തമാക്കി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സർക്കാർ എന്നും ജനപക്ഷത്താണ് എന്നും ആവശ്യങ്ങള്‍ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു .രാവിലെ എണീറ്റ് കണ്‍സഷൻ വർധിപ്പിക്കാനാവില്ല. കണ്‍സഷൻ വർദ്ധനവ് സംബന്ധിച്ച്‌ റിപ്പോർട്ട്‌ ലഭിച്ചു. അത് പരിശോധിച്ച ശേഷം വിദ്യാർത്ഥി സംഘടനകളെ ചർച്ചക്ക് വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കണ്‍സഷൻ വർദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ വിദ്യാർത്ഥി സംഘടനകളുമായി ആലോചിച്ച ശേഷം മാത്രം തീരുമാനം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഒഴിവാക്കാൻ സാധിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമെന്നും മന്ത്രി പറഞ്ഞു.

സ്പീഡ് ഗവർണർ ഒഴിവാക്കണം എന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ജിപിഎസ് ഒഴിവാക്കണമെന്നും അവർ ആവശ്യം ഉന്നയിച്ചു. ഉടമകളുടെ ഇഷ്ടനുസരണം പെർമിറ്റ്‌ നല്‍കണമെന്നും ആവശ്യമുയർത്തി. ഇതൊന്നും പ്രാവർത്തികമല്ലെന്നും മന്ത്രി അറിയിച്ചു.

സമരം ചെയ്യാൻ ആർക്കും അവകാശമുണ്ട്. അവർ സമരം ചെയ്യട്ടെ. നഷ്ടത്തില്‍ ഓടുന്ന വണ്ടികള്‍ ഒതുക്കിയിടാൻ ആവശ്യപ്പെട്ടു. രണ്ടാഴ്ച പരിശോധിക്കും. നഷ്ടം സഹിച്ച്‌ ആർക്കും വണ്ടി ഓടനാവില്ലെന്നും മന്ത്രി പറഞ്ഞു.

ദേശീയ പണിമുടക്ക് കെഎസ്‌ആർടിസിയെ ബാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. സമര നോട്ടിസ് ആരും നല്‍കിയിട്ടില്ല. കെഎസ്‌ആർടിസി ജീവനക്കാർ സന്തുഷ്ടരാണ്. വ്ലോഗർ ജ്യോതി മലഹോത്രയുടെ ക്ഷണത്തിലും മന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചുവെന്നത് കൊണ്ട് മുഹമ്മദ്‌ റിയാസിനെ ക്രൂശിക്കേണ്ടതില്ല.

ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയമില്ല. വ്ലോഗർ എന്ന നിലയിലാണ് ക്ഷണിച്ചത്. 41 വ്ലോഗർമാരെ ക്ഷണിച്ചു. പാക് ചാരയെന്ന് അറിഞ്ഞിട്ടല്ല അവരെ വിളിച്ചത്. ഇതൊക്കെ കേള്‍ക്കുന്നവർ പൊട്ടൻമാർ അല്ലല്ലോ. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ടൂറിസം വകുപ്പ് പരസ്യം നല്‍കാറുണ്ട്. മാധ്യമങ്ങള്‍ ചെയ്യുന്നതിനൊക്കെ ടൂറിസം വകുപ്പ് ഉത്തരവാദി എന്ന് പറയാനാകുമോയെന്നും മന്ത്രി വിമർശിച്ചു.

Vartha Malayalam News - local news, national news and international news.