എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി മൂല്യ നിർണയം നാളെ തുടങ്ങാനിരിക്കേ അതേ ദിവസം തന്നെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള പരിശീലനവും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളവർ നിർബന്ധമായും നിയോജകമണ്ഡലാടിസ്ഥാനത്തില്‍ നടക്കുന്ന പിരിശീലന പരിപാടികളില്‍ പങ്കെടുക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ മൂല്യനിർണയ ക്യാന്പുകളില്‍ ഇവർക്ക് എത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടാവും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളവർക്ക് ഏപ്രില്‍ രണ്ട്, മൂന്ന്, നാല് തീയതികളിലായാണ് സംസ്ഥാന വ്യാപകമായുള്ള പരിശീലനം നടക്കുന്നത്. സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയർസെക്കൻഡറി ഉത്തരക്കടലാസ് മൂല്യനിർണയം നിലവില്‍ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന കലണ്ടർ പ്രകാരം ഈ മാസം മൂന്നിന് ആരംഭിക്കും. ഹയർ സെക്കൻഡറിയില്‍ 77 ക്യാന്പുകളിലായി 25,000 അധ്യാപകരാണ് മൂല്യനിർണയത്തില്‍ പങ്കെടുക്കേണ്ടി വരുന്നത്.
എസ്‌എസ്‌എല്‍സി മൂല്യനിർണയത്തിനായി 10,000 അധ്യാപകരെയാണ് നിയോഗിക്കുന്നത്. വൊക്കേഷണല്‍ ഹയർസെക്കൻഡറിയില്‍ 2500 അധ്യാപകരും മൂല്യനിർണയത്തിനായി പങ്കെടുക്കേണ്ടി വരും. ഇവരില്‍ പുരുഷ അധ്യാപകരില്‍ ഏറിയപങ്കും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായും നിയോഗിക്കപ്പെടാൻ സാധ്യതയുള്ളവരാണ്.
ഈ സാഹചര്യത്തില്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് പരിശീലന പരിപാടികളില്‍ ഇവർ പങ്കെടുക്കേണ്ടി വരും. അതിനാല്‍ മൂല്യനിർണയം സംബന്ധിച്ചുള്ള ക്രമീകരണം ഒരുക്കണമെന്ന് അധ്യാപക സംഘടനകള്‍ ഇതിനോടകം ആവശ്യപ്പെട്ടുകഴിഞ്ഞു.
മൂല്യനിർണയവും തെരഞ്ഞെടുപ്പ് പരിശീലനവും ഒരേ ദിവസം നടക്കുന്നതില്‍ മാറ്റം വരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഇടപെടണമെന്ന് കേരളാ സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് എം.കെ. ബിജു ആവശ്യപ്പെട്ടു.