ടെല്‍ അവീവ്: ഗാസയില്‍ പുതിയ വെടിനിർത്തല്‍ കരാറിനെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമായിരിക്കവെ ഹമാസിനെതിരെ പുതിയ നീക്കവുമായി ഇസ്രയേല്‍.ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഇസ്രായേല്‍ ഇപ്പോള്‍ ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 'കശ്മീർ ഐക്യദാർഢ്യ ദിനത്തില്‍' നിരവധി ഹമാസ് നേതാക്കള്‍ പാക് അധീന കശ്മീരില്‍ എത്തിയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് മുൻനിർത്തിയാണ് ഹമാസിനെ ഭീകര സംഘടനായി ഇന്ത്യ പ്രഖ്യാപിക്കണമെന്നും നിരോധിക്കണമെന്നുമുള്ള സമ്മർദ്ദം ഇസ്രയേല്‍ ശക്തമാക്കിയിരിക്കുന്നത്.യൂറോപ്യൻ യൂണിയനും അമേരിക്കയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അങ്ങനെ ചെയ്തിട്ടില്ല. ഭീകര വിരുദ്ധ പോരാട്ടത്തില്‍ ഇസ്രയേലിനെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നതെങ്കിലും ഹമാസിനെ നിരോധിച്ചിട്ടില്ല. 2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ ഹമാസിന്‍റെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചപ്പോള്‍ പോലും ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ വീണ്ടും സമ്മർദ്ദം ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഹമാസ് നേതാക്കളെ പാക് അധീന കശ്മീരില്‍ കണ്ടെത്തിയത് ഗൗരവമായി കാണണമെന്നാണ് ഇന്ത്യക്ക് ഇസ്രായേല്‍ നല്‍കുന്ന മുന്നറിയിപ്പ്. ഐക്യരാഷ്ട്രസഭ നിരോധിത ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടുള്ള ലഷ്കർ-ഇ-തൊയ്ബ (എല്‍ ഇ ടി), ജെയ്ഷ്-ഇ-മുഹമ്മദ് (ജെ എം) എന്നിവയിലെ അംഗങ്ങള്‍ ഹമാസ് നേതാക്കളോടൊപ്പം പി ഒ കെയില്‍ ഒത്തുചേർന്നത് ഇതാദ്യമായിരിക്കാമെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോർട്ടുകള്‍ പറയുന്നുണ്ട്. മുംബൈ ഭീക്രരാമണത്തിന് പിന്നിലെ ശക്തികളായ ലഷ്‌കർ-ഇ-തൊയ്ബയെ ഇസ്രായേല്‍ നിരോധിച്ചിട്ടും ഇസ്രയേലില്‍ ഭീകരാക്രമണം നടത്തിയ ഹമാസിനെ ഇന്ത്യ നിരോധിക്കാത്തത് അനുചിതമാണെന്ന അഭിപ്രായമാണ് അവർ മുന്നോട്ട് വയ്ക്കുന്നത്. പാകിസ്ഥാനില്‍ കശ്മീർ വിഘടനവാദികളുടെ യോഗത്തില്‍ ഹമാസ് പ്രതിനിധികള്‍ പങ്കെടുത്ത സാഹചര്യത്തില്‍ ഇന്ത്യ, ഹമാസിനെ നിരോധിക്കാൻ ഇനിയും വൈകരുതെന്നാണ് ഇസ്രയേലിന്‍റെ ആവശ്യം.