ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 1ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. വര്‍ണശഭളമായ ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ഇത്തവണത്തെ സീസണ്‍ ആരംഭിക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് എംഎസ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനമൊഴിഞ്ഞ് റുതുരാജ് ഗെയ്ക് വാദിനെ ക്യാപ്റ്റനാക്കിയത്.
ധോണി നായകസ്ഥാനം ഒഴിഞ്ഞതോടെ ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആരാധകര്‍ ആഗ്രഹിക്കാത്ത ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്. എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി എന്നീ മൂന്ന് പേരും ക്യാപ്റ്റനല്ലാതെ കളിക്കുന്ന ആദ്യത്തെ സീസണായി ഇത്തവണത്തെ സീസണ്‍ മാറിയിരിക്കുകയാണ്. രോഹിത് ശര്‍മയെ ഈ സീസണിന് മുമ്പാണ് മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുകയും ചെയ്തു.
ആദ്യം നായകസ്ഥാനമൊഴിഞ്ഞത് വിരാട് കോലിയാണ്. ആര്‍സിബിയെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് 2021ല്‍ കോലി നായകസ്ഥാനം ഒഴിഞ്ഞത്. 2022ല്‍ ധോണി നായകസ്ഥാനത്ത് നിന്ന് മാറിയിരുന്നുവെങ്കിലും പിന്നീട് ടീമിന്റെ പ്രകടനം മോശമായതോടെ ക്യാപ്റ്റനായി തിരിച്ചെത്തുകയായിരുന്നു. അപ്പോഴും രോഹിത് ശര്‍മ നായകനായി ഉണ്ടായിരുന്നു. എന്നാല്‍ ഈ മൂന്ന് ഇതിഹാസങ്ങളും ഇത്തവണ നായകസ്ഥാനമില്ലാതെ കളിക്കുന്ന ആദ്യ സീസണായി ഇത് മാറിയിരിക്കുകയാണ്.
ഇതില്‍ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയിട്ടും നായകസ്ഥാനം ഒഴിഞ്ഞത് നായകന്‍ രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കപ്പിലേക്കെത്തിച്ചത് രോഹിത്താണ്. മറ്റൊരു നായകനും മുംബൈയെ കിരീടത്തിലേക്കെത്തിക്കാനായിരുന്നില്ല. എന്നാല്‍ രോഹിത്തിനോട് വേണ്ടവിധം ആലോചന നടത്താതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്. ഇതിന്റെ പേരില്‍ വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
എന്തായാലും മൂന്ന് ഇതിഹാസങ്ങള്‍ ഇത്തവണ നായകസ്ഥാനമില്ലാതെ കളിക്കുമ്പോള്‍ എങ്ങനെയൊക്കെയാവും പ്രകടനങ്ങളെന്നാണ് കണ്ടറിയേണ്ടത്. ഇത്തവണയും രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍ റോളിലുണ്ടാവും. ക്യാപ്റ്റന്റെ ഭാരമില്ലാതെ കളിക്കുന്ന രോഹിത് 600 പ്ലസ് റണ്‍സ് ഈ സീസണില്‍ നേടുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ. സമീപകാലത്ത് രോഹിത് മികച്ച ഫോമിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലിലും കസറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
വിരാട് കോലി ഐപിഎല്ലില്‍ ഏറ്റവും റണ്‍സ് നേടിയ താരമാണ്. ഇത്തവണയും സ്ഥിരതയോടെയുള്ള പ്രകടനമാണ് കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അവസാന ഏകദിന ലോകകപ്പിലും കസറിയ കോലി ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എംഎസ് ധോണി നായകസ്ഥാനം ഒഴിഞ്ഞതോടെ ഈ സീസണില്‍ അദ്ദേഹം എല്ലാ മത്സരവും കളിക്കാനുള്ള സാധ്യതയും കുറഞ്ഞിരിക്കുകയാണ്.
പരിക്കിന്റെ ബുദ്ധിമുട്ട് ധോണിക്കുണ്ട്. കാല്‍മുട്ടിനേറ്റ പരിക്ക് പൂര്‍ണ്ണമായും ഭേദമാവാത്തതിനാല്‍ ഈ സീസണില്‍ അദ്ദേഹം എല്ലാ മത്സരവും കളിച്ചേക്കില്ല. ധോണിയുടെ വിക്കറ്റിന് പിന്നിലെ മികവും എല്ലാ മത്സരങ്ങളിലും സിഎസ്‌കെയ്ക്ക് ലഭിച്ചേക്കില്ല. പ്രധാനപ്പെട്ട മത്സരങ്ങളില്‍ മാത്രം ധോണി കളിക്കാനാണ് നിലവില്‍ സാധ്യതയുള്ളത്. സിഎസ്‌കെയുടെ പുതിയ നായകനായ റുതുരാജ് ഗെയ്ക് വാദിനെ കാര്യങ്ങള്‍ എളുപ്പമാവില്ല.
സിഎസ്‌കെയെപ്പോലെ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ടീമിനെ മുന്നോട്ട് നയിക്കുകയെന്നത് വലിയ സമ്മര്‍ദ്ദമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ റുതുരാജിന് ഈ സീസണ്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതേ സമയം മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. മുംബൈ ടീമിനുള്ളില്‍ പടലപ്പിണക്കമുണ്ടെങ്കിലും ഹാര്‍ദിക്കിന് കീഴില്‍ മുംബൈ കസറാനാണ് സാധ്യത. അതേ സമയം ഫഫ് ഡുപ്ലെസിസിന് കീഴിലാണ് ഇത്തവണയും ആര്‍സിബി ഇറങ്ങുന്നത്.