ഇസ്രയേലും ലെബനനും യുദ്ധത്തിലേക്ക് ; യു എ ഇയും, ഖത്തറും ബഹ്റിനും സൗദിയും, കുവൈറ്റും അടക്കം 18 രാജ്യങ്ങളിലേക്ക് പറക്കുന്നത് അപകടകരം ; യു. കെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിൽ

ഇസ്രായേൽ - ലെബനന്‍ സംഘര്‍ഷംയുദ്ധത്തിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ യു. എ. ഇ., ഖത്തര്‍, ബഹ്‌റിന്‍, സൗദി, കുവൈറ്റ് തുടങ്ങി 18 രാജ്യങ്ങളിലേക്ക് വിമാനം വഴി പോകുന്നത് അപകടകരമാണെന്നു മുന്നറിയിപ്പ്. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച കുറിപ്പ് ഞായറാഴ്ച പുറത്തിറക്കി . ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ തുടങ്ങി ബ്രിട്ടീഷുകാരുടെ ഏറെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇസ്രയേലിനും ലെബനിനും ഇടയിലുള്ള സംഘര്‍ഷം ഏതു നിമിഷവും യുദ്ധമായി മാറും എന്നാണ് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്. പശ്ചിമേഷ്യൻ മേഖല അപകടത്തിലാണ് എന്ന അറിയിപ്പ് വന്നതോടെ നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ഒരുങ്ങിയിരുന്ന മലയാളികൾ ആശങ്കയിലായി . കൂടുതൽ മലയാളികളും എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍, ഇന്തിഹാദ്, ഗള്‍ഫ് എയര്‍ തുടങ്ങിയ സര്‍വ്വീസുകളെയാണ് ആശ്രയിക്കുന്നത്. . ഇറന് മുകളില്‍ കൂടെയുള്ള യാത്ര ഒഴിവാക്കുന്നത് യാത്രാ സമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അതേ സമയം ലെബനനിലുള്ള ബ്രിട്ടീഷ് പൗരന്മാരോട് എത്രയും വേഗം ലെബനന്‍ വിടാന്‍ അധികൃതർ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വളരെ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പാറ്റ് മെക്ഫദാന്‍ പറഞ്ഞു. ബ്രിട്ടീഷ് പൗരന്മാര്‍ ഉടനടി ലെബനന്‍ വിടണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നുംമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ എയര്‍ലൈന്‍സ് കമ്ബനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതൊരു അടിയന്തിര സാഹചര്യവും അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടെങ്കിലും, സാഹചര്യം ഇത്രയും വഷളായ സ്ഥിതിക്ക് ഇപ്പോള്‍ തന്നെ ലെബനന്‍ വിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ലെബനനിലുള്ള ബ്രിട്ടീഷുകാര്‍ ഫോറിന്‍ ഓഫീസുമായി ബന്ധപ്പെട്ട് റെജിസ്റ്റര്‍ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈജിപ്ത്, ബഹ്‌റിന്‍, അള്‍ജീരിയ, യു എ ഇ, ടുണീഷ്യ. സിറിയ, ജോര്‍ഡാന്‍, ഇറാഖ്, ഇസ്രയേല്‍, പാലസ്തീന്‍ അധിനിവേശ പ്രദേശങ്ങള്‍, ഖത്തര്‍, ഒമാന്‍, മൊറോക്കോ, ലിബിയ, ഇറാന്‍, കുവൈറ്റ്, സൗദി അറേബ്യ, യെമെന്‍ ലെബനന്‍ എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാ മുന്നറിയിപ്പുള്ളത്

Vartha Malayalam News - local news, national news and international news.