ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പര്യടനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിവിധ സംസ്ഥാനങ്ങളിലായി 140 പൊതുപരിപാടികളില്‍ പങ്കെടുക്കും. പുതിയ വികസനപദ്ധതികള്‍ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഫെബ്രുവരി 14-ന് ഡല്‍ഹിയിലെ അക്ഷർധാം ക്ഷേത്രത്തിന്റെ മാതൃകയില്‍ അബുദാബിയില്‍ പണികഴിപ്പിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിനുപിന്നാലെ ഗോവ, ഒഡിഷ, അസം സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി പര്യടനം നടത്തിയിരുന്നു. മോദി സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് വിവിധ ഗ്രാമങ്ങളിലായി 'ഗാവ് ചലോ' അഭിയാനും ബി.ജെ.പി. തുടക്കമിട്ടിട്ടുണ്ട്.
റാലികള്‍, പൊതുസമ്മേളനങ്ങള്‍, റോഡ് ഷോകള്‍ എന്നിവയും പ്രചാരണത്തിന്റെ ഭാഗമാകും. ഏഴുമുതല്‍ എട്ടുവരെ ലോക്‌സഭാ മണ്ഡലങ്ങളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രചാരണ പരിപാടികള്‍ നടത്തുന്നത്. ക്ലസ്റ്ററുകളിലെ ഒരു മണ്ഡലത്തിലെങ്കിലും പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ബി.ജെ.പി. നേതാക്കള്‍ക്കാണ് ക്ലസ്റ്ററിന്റെയും പ്രചാരണത്തിന്റെയും മേല്‍നോട്ടം.