അരിയാഹാരം കഴിക്കാത്ത ഒരു ദിവസം പോലും മിക്ക മലയാളികൾക്കും ഉണ്ടാകില്ല. അതിൽ വളരെ പ്രധാനമാണ് ചോറ്. ഉച്ചയ്ക്കോ രാത്രിയിലോ ചോറ് കഴിക്കാത്ത ഒരു ദിവസം പോലും നമ്മളിൽ പലർക്കും ഉണ്ടാകില്ല. ചോറ് നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ചോറിനെ എപ്പോഴും ആശ്രയിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്തേക്കില്ല.
ചോറ് അവശ്യ കാർബോഹൈഡ്രേറ്റുകൾ നൽകുമ്പോൾ, അതിൽ അന്നജം കൂടുതലും പോഷകങ്ങളുടെ അഭാവവുമുണ്ട്. അതുപോലെ, ശുദ്ധീകരിച്ച വെളുത്ത അരിയുടെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനും ശരീരഭാരം വർധിപ്പിക്കുന്നതിനും കാരണമാകും.
അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ചോറ് പൂർണ്ണമായും ഒഴിവാക്കണോ? ഒരു മാസത്തേക്ക് ചോറ് കഴിക്കാതിരുന്നാൽ അത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നറിയാം.
“ഒരു മാസത്തേക്ക് ചോറ് ഉപേക്ഷിക്കുമ്പോൾ, കലോറി ഉപഭോഗം കുറയുന്നത് കാരണം നിങ്ങളുടെ ശരീരത്തിന് ഭാരം കുറയാം. അരിയിലെ ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങാതതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരത കൈവരിക്കും, ”ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് പ്രിയ ഭർമ പറഞ്ഞു.
ഒരു മാസത്തേക്ക് അരി പൂർണമായി ഉപേക്ഷിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ കാരണമാകുമെന്നും എന്നാൽ ചോറിന് പകരം മറ്റൊരു ധാന്യം നൽകാതിരിക്കുകയും കലോറിയും കാർബോഹൈഡ്രേറ്റിന്റെ ആകെ അളവും പരിമിതപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂവെന്ന്, മീരാ റോഡിലെ വോക്കാർഡ് ഹോസ്പിറ്റൽസിലെ സീനിയർ ഡയറ്റീഷ്യൻ റിയ ദേശായി പറയുന്നു.
“രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആശങ്കയുണ്ടാക്കുന്നിടത്തോളം, ചോറ് ഉപേക്ഷിക്കുന്നത് ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും,” റിയ പറഞ്ഞു.
എന്നിരുന്നാലും, അരി ഒഴിവാക്കുന്ന ആ മാസം മാത്രമേ പഞ്ചസാരയുടെ അളവ് കുറയുകയുള്ളൂ.“വീണ്ടും ചോറ് കഴിക്കാൻ തുടങ്ങിയാൽ, ഗ്ലൂക്കോസിന്റെ അളവിൽ വീണ്ടും മാറ്റം വരും,”വിദഗ്ധ പറഞ്ഞു. എപ്പോൾ, എത്ര അളവിൽ ചോറ് കഴിക്കണം എന്നതാണ് ഏറ്റവും പ്രധാനം. ശരിയായ രീതിയിൽ ഒരു ചെറിയ പാത്രം ചോറ് കഴിക്കുന്നത് ശരീരത്തിന് ഒരു ദോഷവും വരുത്തുന്നില്ല, റിയ പറഞ്ഞു.
ഫൈബർ കഴിക്കുന്നത് കുറയുന്നതിനാൽ ഇത് ദഹനത്തെയും ബാധിക്കാം.“അരി കാർബോഹൈഡ്രേറ്റുകളുടെയും ബി വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമായതിനാൽ പോഷകാഹാര പരിഗണനകളും ഇതിനെ ആശ്രയിക്കുന്നു. എന്നിരുന്നാലും, വ്യക്തിഗത ഘടകങ്ങളെ ആശ്രയിച്ച് നിർദ്ദിഷ്ട ഫലങ്ങൾ വ്യത്യാസപ്പെടുന്നു.
നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ചോറ് പൂർണ്ണമായും ഒഴിവാക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നുണ്ടോ? ഇല്ല.“ഒരു മാസത്തേക്ക് ചോറ് ഉപേക്ഷിക്കണമോ എന്നത് വ്യക്തിഗത ലക്ഷ്യങ്ങളെയും ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു. ചോറ് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകുമെങ്കിലും, കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് നിയന്ത്രിക്കുന്നത് പോലെ, താൽക്കാലികമായി അത് ഒഴിവാക്കാനുള്ള കാരണങ്ങളുണ്ടാകാം. എന്നിരുന്നാലും, പലതരം പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്ന സമീകൃതാഹാരമാണ് പൊതുവെ ശുപാർശ ചെയ്യുന്നത്,” റിയ പറഞ്ഞു.
“റൈസ് ചലഞ്ച്” എന്ന് വിളിക്കപ്പെടുന്നവ ഏറ്റെടുക്കുന്നവർ ചോറ് പൂർണ്ണമായും ഒഴിവാക്കുകയും അത് നല്ലതല്ലെന്ന് കരുതുകയും ചെയ്യുന്ന ആളുകൾ യഥാർത്ഥത്തിൽ അരി എങ്ങനെ കഴിക്കണമെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
“ചോറ് ഒരു ലളിതമായ കാർബോഹൈഡ്രേറ്റ് വിഭാവമാണ്. കുറച്ച് പച്ചക്കറികളും പ്രോട്ടീനും ചേർത്ത് ഇതിനെ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ് ഭക്ഷണമാക്കി മാറ്റാം. ഊർജ്ജ ഉൽപാദനത്തിന് കാർബോഹൈഡ്രേറ്റുകൾ വളരെ അത്യാവശ്യമാണ്, അവ പൂർണ്ണമായും ഇല്ലാതാക്കുന്നത് ഒരു വ്യക്തിയെ ദുർബലനാക്കുന്നു, ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനായി ശരീരം പ്രോട്ടീൻ ഉപയോഗിച്ച് പേശികളെ തകർത്ത് ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ തുടങ്ങുന്നു. ഇതു മാത്രമല്ല ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കുന്നത് കൊഴുപ്പല്ല, മറിച്ച് പേശികളാണ്. നമ്മുടെ ലക്ഷ്യമല്ല അത്, ”റിയ വിശദീകരിച്ചു.
ചോറ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില ടിപ്പുകൾ
ഭാഗ നിയന്ത്രണം: പരിമിതമായ അളവിൽ കഴിക്കുക, ഒരു സമയം ഒരു ധാന്യം കഴിക്കാൻ ഓർക്കുക
.
നാരുകൾ ചേർക്കുക: പച്ചക്കറികൾ, വിത്തുകൾ, പരിപ്പ് എന്നിവയുടെ രൂപത്തിൽ നല്ല അളവിൽ നാരുകൾ ചേർക്കുന്നതിലൂടെ, ഭക്ഷണത്തിന് ശേഷമുള്ള ഗ്ലൂക്കോസ് പ്രതികരണത്തോടൊപ്പം കാർബോഹൈഡ്രേറ്റിന്റെ മൊത്തം അളവ് നിയന്ത്രിക്കാനാകും.
നാരുകൾ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കുകയും സംതൃപ്തി നൽകുകയും ചെയ്യും. വിശപ്പ് കുറയ്ക്കുകയും ശരീരത്തിലെ ഗ്ലൂക്കോസിന്റെ മന്ദഗതിയിലുള്ള പ്രകാശനം വഴി ശരീരഭാരം കുറയ്ക്കുകയും ചെയ്യുക.
പ്രോട്ടീൻ ചേർക്കുക: ചില ധാന്യങ്ങളുമായി സംയോജിപ്പിക്കുമ്പോൾ പ്രോട്ടീനുകൾ ഉയർന്ന ജൈവ മൂല്യമുള്ള പ്രോട്ടീനുകളായി മാറുകയും ശരീരത്തിൽ നന്നായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. കൂടാതെ, പ്രോട്ടീനുകൾ സംതൃപ്തി നൽകുകയും രക്തത്തിലെ ഗ്ലൂക്കോസ് സാവധാനത്തിൽ പുറത്തുവിടാൻ അനുവദിക്കുകയും ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നു.
ക്രമം: എല്ലായ്‌പ്പോഴും ഒരു കപ്പ് സാലഡ് (ഫൈബർ) ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണം ആരംഭിക്കുക. തുടർന്ന് പ്രോട്ടീനുകളും അതിനുശേഷം കാർബോഹൈഡ്രേറ്റിനും കഴിക്കുക.
എന്നിരുന്നാലും, ചില ആരോഗ്യ സാഹചര്യങ്ങളിൽ, അരി പൂർണ്ണമായും ഒഴിവാക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ, ആരോഗ്യകരമായ ചില ബദലുകളിലേക്ക് മാറാം. പ്രോട്ടീനും ഫൈബറും കൂടുതലുള്ള ക്വിനോവ, കുറഞ്ഞ കാർബ് ഓപ്ഷനായി കോളിഫ്‌ളവർ അരി, മറ്റ് ധാന്യങ്ങളായ ബൾഗൂർ അല്ലെങ്കിൽ ബാർലി, പ്രോട്ടീനും നാരുകളുമുള്ള പയർവർഗ്ഗങ്ങൾ, പോഷക സമ്പുഷ്ടമായ കാർബോഹൈഡ്രേറ്റ് സ്രോതസ്സായ മധുരക്കിഴങ്ങ് എന്നിവ അരിയുടെ ആരോഗ്യകരമായ ബദലുകളിൽ ഉൾപ്പെടുന്നു. നിങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായ ഇവ തിരഞ്ഞെടുക്കുക,” പ്രിയ പറഞ്ഞു.