കട്ടപ്പന കൊച്ചുതോവാള നിരപ്പേല്‍കട സ്വദേശിനിയായ 30 കാരിയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മുഖത്തടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത 16 കാരനെ പിടികൂടി.
ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ് സംഭവം. യുവതിയും ഭർത്താവും മാത്രമാണ് ഇവിടെ താമസം.
ഭർത്താവ് കട്ടപ്പനയില്‍ ജോലിസ്ഥലത്തായിരുന്നതിനാല്‍ യുവതി തനിച്ചാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ വന്ന് ആരോ വിളിച്ചപ്പോള്‍ വാതില്‍ തുറന്നയുടൻ അക്രമി മുഖത്തു മുളകുപൊടി വിതറിയശേഷം യുവതിയുടെ മുഖത്ത് ആഞ്ഞിടിച്ചു. തൊട്ടുപിന്നാലെ പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമം നടത്തി.
ആക്രമണത്തില്‍ പകച്ചുപോയ സ്ത്രീ പെട്ടെന്ന് മനോബലം വീണ്ടെടുത്ത് ഇയാളെ തിരിച്ച് പ്രതിരോധിക്കാനും രക്ഷപ്പെടാനും ശ്രമിച്ചു. മുഖത്ത് കണ്ണട വച്ച് തുണി കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു അക്രമി. ചെറുത്തുനിന്ന യുവതിയെ കീഴ്പ്പെടുത്താനാകുന്നില്ലെന്ന് കണ്ടതോടെ അക്രമി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
യുവതി ഉറക്കെ നിലവിളിച്ച് ആളെ കൂട്ടിയതോടെ അക്രമി ഓടി രക്ഷപ്പെട്ടു. തുടർന്ന് ഭർത്താവിനെ വിളിച്ചു വരുത്തി കട്ടപ്പന പോലീസില്‍ പരാതി നല്കി. പോലീസിനു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരു കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ചതായാണ് വിവരം.
എന്നാല്‍, പ്രായപൂർത്തിയാകാത്തതിനാല്‍ നോട്ടീസ് നല്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ജുവനൈല്‍ ആക്ട് പ്രകാരം തുടർനടപടികള്‍ സ്വീകരിക്കും. പീഡനശ്രമം, വീടിനുള്ളില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കും.