അരികൊമ്പൻ ആന കളക്കാട് മുണ്ടന്തുറൈ ടൈഗർ റിസർവിൽ മുതുകുഴി, കോതയാർ ഭാഗത്ത് വിഹരിക്കുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന. വൃഷ്ടിപ്രദേശത്തു നിന്നും കാട്ടിലേക്ക് കയറുന്ന ആന നിലവിൽ മറ്റ് ആനക്കൂട്ടങ്ങളോടൊപ്പം ചേർന്നിട്ടില്ല. മൂന്ന് പ്രാവശ്യം ക്യാമറ ട്രാപ്പിൽ മറ്റ് ആനകളോടൊപ്പം കണ്ടെന്നുള്ളത് സ്ഥിരീകരിക്കുന്ന വനംവകുപ്പ് ആനയുടെ ആരോഗ്യവും അഡാപ്റ്റേഷനുമായുള്ള വിശദറിപ്പോർട്ട് വകുപ്പ് സെക്രട്ടറിക്കും, ഹൈക്കോടതിക്കും കൈമാറുമെന്നും ശ്രീജിത്ത് അറിയിച്ചു.
ആനയുടെ തുമ്പികൈയിലെ മുറിവ് പൂർണമായും ഉണങ്ങിയെന്നാണ് ഫീൽഡ് മെഡിക്കൽ ഓഫിസർമാർ ഡപ്യുട്ടി ഡയറക്ടർ ഓഫീസിനെ അറിയിച്ചിട്ടുള്ളത്. ഇതൊരു സീക്രട്ട് ഓപ്പറേഷൻ ആയതിനാൽ ഔദ്യോഗികമായി ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതിന് പരിമിതികൾ ഉണ്ടെന്ന് കളക്കാട്, അമ്പാസമുദ്രം ആർഎഫ്ഒ പറഞ്ഞു. ആന പൂർണ ആരോഗ്യവനാണ്. പ്രദേശത്തോട് ഇണങ്ങാൻ സാധ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മലയാളികളുടെ ആശങ്ക മനസിലാക്കുന്നു. ആന മലയാളികൾക്ക് എത്ര പ്രിയപ്പെട്ടതാണോ അതിനേക്കാൾ തമിഴ്നാട് വനം വകുപ്പിന് പ്രിയപ്പെട്ടതാണ്. ഒരു സാഹചര്യത്തിലും കൂട്ടിൽ അടയ്ക്കില്ലെന്നും അരിക്കൊമ്പനെ നിരീക്ഷിക്കുന്ന ആർഎഫ്ഒ അറിയിക്കുന്നു.
ഏറ്റവും പുതിയ ദൃശ്യങ്ങൾ ഉൾപ്പെടെ ഉണ്ടെങ്കിലും ഉന്നത അനുമതി ഇല്ലാതെ പുറത്തുവിടാനോ, കൈമാറാനോ സാധിക്കില്ലെന്നും ആർഎഫ്ഒ അറിയിച്ചു. കളക്കാട് ടൈഗർ റിസർവിലെ ചില വനം വകുപ്പ് ഉദ്യോഗസ്ഥരെ അടുത്ത ദിവസങ്ങളിൽ നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീജിത്ത് പെരുമന പറഞ്ഞു.
അരിക്കൊമ്പൻ കാടുമായി ഇണങ്ങിചേർന്നതായി തമിഴ്നാട് വനംമന്ത്രി ഡോ. എം. മതിവേന്ദൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേരളത്തിൽ അരിക്കൊമ്പൻ എന്നറിയപ്പെട്ട ആനയെ ഇപ്പോൾ അരിസിക്കൊമ്പൻ എന്നാണ് വിളിക്കുന്നത്. വന്യമൃഗങ്ങൾക്ക് കാട്ടിൽ പ്രത്യേക അതിർത്തി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് ആന പ്രത്യേക സംസ്ഥാനത്തിന്റേതെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.