‘ഇന്ദിരയുടെ ശരീരത്തിൽനിന്ന് ബുള്ളറ്റുകൾ നിലത്തേക്ക് വീണുകൊണ്ടിരുന്നു’: ആ നാല് മണിക്കൂറിനെക്കുറിച്ച് ഡോക്ടർ പറയുന്നു

ന്യൂഡൽഹി ∙ 1984 ഒക്ടോബർ 31, ഡൽഹി എയിംസിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം തലവനായിരുന്ന ഡോ. പി. വേണുഗോപാലിന് അതൊരു പതിവു ദിവസത്തിന്റെ തുടക്കമായിരുന്നു. എന്നാൽ രാവിലെ 10 മണിയോടെ ഒരു ജൂനിയർ ഡോക്ടർ ഓടിക്കിതച്ചു മുറിയിലേക്കെത്തിയതോടെ പെട്ടെന്നു കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ‘‘മിസിസ് ഗാന്ധിയെ കാഷ്വാലിറ്റിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു’’ എന്ന വാർത്ത കേട്ടതും എഴുന്നേറ്റ് ഓടുകയായിരുന്നു. – ജൂലൈ ഏഴിനു പുറത്തിറങ്ങിയ ‘ഹാർട്ട്ഫെൽറ്റ്’ എന്ന പുസ്തകത്തിൽ ഡോ. വേണുഗോപാൽ ആ ദിവസത്തെപ്പറ്റി – ഇന്ദിരാ ഗാന്ധിക്കു വെടിയേറ്റ ദിവസം– വിവരിച്ചു തുടങ്ങുന്നത് ഇങ്ങനെയാണ്. ഡോ. വേണുഗോപാലും പത്നി പ്രിയ സർക്കാരും ചേർന്നെഴുതിയ ഓർമക്കുറിപ്പുകൾ ഹാർപർ കോളിൻസാണ് പ്രസിദ്ധീകരിച്ചത്.

രാജ്യത്തെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. വേണുഗോപാൽ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെയും ഡോക്ടറായിരുന്നു. അതിനാൽത്തന്നെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ പല നിമിഷങ്ങൾക്കും അദ്ദേഹം സാക്ഷിയായിട്ടുണ്ട്.

അന്ന് ജൂനിയറിനു പിന്നാലെ കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തിയ ഡോക്ടർ രക്തത്തിൽ കുതിർന്നുകിടക്കുന്ന ഇന്ദിരയെ കണ്ട് നടുങ്ങി. അപൂർവമായ ഒ–നെഗറ്റിവ് രക്തഗ്രൂപ്പാണ് അവരുടേതെന്ന വസ്തുത ഡോക്ടറുടെ ആശങ്ക ഇരട്ടിപ്പിച്ചു. ഉടൻ അവരെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റാൻ അദ്ദേഹം നിർദേശം നൽകി. തിയറ്ററിൽ, ഇന്ദിര ധരിച്ചിരുന്ന, ചോരയിൽ കുതിർന്ന സാരി മാറ്റവേ അവരുടെ ശരീരത്തിലും സാരിയിലും നിന്ന് വെടിയുണ്ടകൾ ചിതറിവീണു. സ്വന്തം അംഗരക്ഷകർ 33 തവണയാണ് അവർക്കുനേരെ നിറയൊഴിച്ചതെന്ന് ഡോക്ടർ പിന്നീടറിഞ്ഞു. ഇതിൽ 30 എണ്ണം അവരുടെ ശരീരത്തിൽ തുളച്ചുകയറി. ചിലത് ശരീരം തുളച്ചുപോയിരുന്നു. രക്തം കുത്തിവച്ചെങ്കിലും വെടിയുണ്ട തുളച്ചുകയറിയ മുറിവുകളിലൂടെ വീണ്ടും പുറത്തേക്കൊഴുകുന്ന സ്ഥിതിയായിരുന്നു. ബൈപാസ് മെഷിനിന്റെ സഹായത്തോടെ, രക്തം വാർന്നുപോകുന്നതു തടയാനുള്ള ശ്രമമായിരുന്നു പിന്നീട് നടത്തിയത്.

ആദ്യത്തെ ബുള്ളറ്റ് ഏറ്റപ്പോൾത്തന്നെ ഇന്ദിര നിലത്തുവീണിരുന്നു. കൂടെയുണ്ടായിരുന്നവർ ഭയപ്പെട്ട് തിരികെയോടി. ഇതോടെ തൊട്ടരികിലെത്തിയ അക്രമികൾ പോയന്റ്–ബ്ലാങ്കിൽ തുരുതുരാ നിറയൊഴിച്ചു. കൂടെയുണ്ടായിരുന്നവർ ഇന്ദിരയെ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഒന്നോരണ്ടോ ബുള്ളറ്റുകൾ മാത്രമേ ശരീരത്തിൽ ഏൽക്കുമായിരുന്നുള്ളൂ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അവർ രക്ഷപ്പെടാനുള്ള സാധ്യതയും ഏറെയായിരുന്നെന്ന് ഡോക്ടർ കുറിക്കുന്നു. അടുത്ത നാലു മണിക്കൂറുകൾ ഡോക്ടർമാരും നഴ്സിങ് സ്റ്റാഫും ഇന്ദിരയുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ വഴിയും നോക്കിയെങ്കിലും 2 മണിയോടെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അന്ന് ഹോസ്പിറ്റലിലെ നഴ്സസ് റൂം തിരക്കിട്ട രാഷ്ട്രീയ ചർച്ചകള്‍ക്കു വേദിയായി. കിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശനത്തിനായി പോയ രാജീവ് ഗാന്ധി തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും തീരുമാനമെടുക്കാൻ അദ്ദേഹത്തിന്റെ വരവിനായി എല്ലാവരും കാത്തിരിക്കുകയാണ്. രാജീവ് ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയാക്കാൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിങ് അനുവദിക്കുമോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. അൽപനേരത്തിനുശേഷം രാജീവ് എത്തി. വിമാനത്താവളത്തിൽനിന്ന് നേരിട്ട് ആശുപത്രിയിലേക്കാണ് എത്തിയത്. ഇന്ദിരയെ കിടത്തിയിരുന്ന മുറിയിലെത്തിയ അദ്ദേഹം ദുഃഖം കനത്ത മുഖത്തോടെ അമ്മയെ നോക്കിനിന്നു. പിന്നീട് മുറിക്കു പുറത്തേക്കു നടന്നു.

ഇന്ദിരാവധത്തിനു പിന്നാലെ ഡൽഹിയിൽ നടന്ന സിഖ് വിരുദ്ധ കലാപങ്ങളെക്കുറിച്ചും ഡോക്ടർ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഡൽഹിയിൽ നിരവധി സിഖുകാർ കൊല്ലപ്പെട്ടപ്പോൾ അതിന്റെ അലയൊലി അദ്ദേഹം ജോലി ചെയ്ത ഹോസ്പിറ്റലിലും പ്രതിധ്വനിച്ചു. എയിംസിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത സിഖ് പെർഫ്യൂഷനിസ്റ്റ് പിന്നീട് ജോലിവിട്ട് പോയി. ഹോസ്പിറ്റലിലെ സിഖ് ഗാർഡുമാർ അവരുടെ മുടി രായ്ക്കുരാമാനം മുറിച്ചുമാറ്റി. നെഹ്റു കുടുംബം കലാപങ്ങളിൽ പൂർണമായും നിശ്ശബ്ദത പാലിക്കുകയാണുണ്ടായതെന്നും അദ്ദേഹം എഴുതുന്നു.

ഡോ. പി.വേണുഗോപാൽ അരലക്ഷത്തിലേറെ ഹൃദയ ശസ്ത്രക്രിയകൾക്കു നേതൃത്വം നൽകിയിട്ടുണ്ട്. 1970കളിൽ ഇന്ത്യയിലെ ഹൃദയ ശസ്ത്രക്രിയാരംഗത്ത് പാശ്ചാത്യ രീതികൾ അവതരിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം. എയിംസിലെ സേവനകാലത്തെ നിരവധി അനുഭവങ്ങൾ അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 1971ലെ ബംഗ്ലദേശ് യുദ്ധത്തിന്റെ സമയത്തുള്ള അനുഭവങ്ങളും പുസ്തകത്തിൽ അനാവരണം ചെയ്യുന്നു.

Vartha Malayalam News - local news, national news and international news.