ഇന്ത്യയുടെ മൂന്നു സൈനിക ശക്തികൾ ഒന്നിച്ച ആക്രമണം. പാക്കിസ്ഥാന്റെ മിസൈലുകൾക്ക് എത്തിനോക്കാൻ പോലും കഴിയാതെ മിന്നൽ സ്ട്രൈക്ക്. ഓപ്പറേഷൻ സിന്ധൂർ

ഡൽഹി : 1971ലെ ഇന്ത്യ - പാക് യുദ്ധത്തിനു ശേഷം ആദ്യമായാണ് കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി പാകിസ്താനെതിരെ അണിനിരക്കുന്നത്. ഓപറേഷൻ സിന്ദൂർ എന്ന പേരില്‍ പുലർച്ചെ 1.44നായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

കശ്മീരില്‍ ആക്രമണം നടത്താനായി ആസൂത്രണം നടത്തിയ ഭീകരകേന്ദ്രങ്ങളാണ് സേന തകർത്തത്. പാകിസ്താനിലെ സൈനിക കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല. ബഹവല്‍പുരിലെ ജയ്ശെ മുഹമ്മദ് കേന്ദ്രം, മുരിദ്കെയിലെ ലശ്കറെ ത്വയ്യിബ കേന്ദ്രം എന്നിവ ഇന്ത്യൻ സേനയുടെ സർജിക്കല്‍ സ്ട്രൈക്കില്‍ തകർത്തു. സേന വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലശ്കറെ ത്വയ്യിബയുടെ ആസ്ഥാനമാണ് മുരിദ്കെ. പഞ്ചാബ് പ്രവിശ്യയിലാണ് ജയ്ശെ മുഹമ്മദ് കേന്ദ്രമായ ബഹവല്‍പുര്‍. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്കാല്‍പ് മിസൈലുകള്‍ ഉപയോഗിച്ചാണ് ഭീകരക്യാമ്ബുകള്‍ തകർത്തത്. അതിർത്തി കടന്ന് ആക്രമിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാകിസ്താൻ സൈന്യം വെടിവെപ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റി. ശ്രീനഗർ, ജമ്മു, ലേ, ധരംശാല, അമൃത്‌സർ വിമാനത്താവളങ്ങള്‍ അടച്ചു.

Vartha Malayalam News - local news, national news and international news.