ലക്‌നൗ: കാമുകനോട് സംസാരിക്കാൻ അനുവദിക്കാതിരുന്ന പിതാവിനെതിരെ പരാതിയുമായി 19 കാരി പൊലീസ് സ്റ്റേഷനിൽ. ഉത്തർപ്രദേശിലാണ് സംഭവം. കാമുകനൊപ്പമാണ് യുവതി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. കാമുകനെ ഫോൺ വിളിക്കുന്നത് പിതാവ് തടഞ്ഞെന്നും മർദിച്ചെന്നുമായിരുന്നു പരാതി.
തുടർന്ന് പൊലീസ്, പെൺകുട്ടിയുടെ അച്ഛനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്തി വിട്ടയച്ചു. ജൂലൈ 11ന് രാത്രി ഒമ്പതിന് ജമുനിയാമൗ ഗ്രാമത്തിലാണ് സംഭവം. 19 കാരിയായ പെൺകുട്ടി കാമുകനുമായി മൊബൈൽ ഫോണിൽ സംസാരിക്കുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. ഫോൺ സംസാരം കണ്ട പിതാവ് പെൺകുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയെ നിരീക്ഷിക്കാൻ വീട്ടുകാരോട് ഇയാൾ നിർദേശിച്ചതായും എസ്എച്ച്ഒ പറഞ്ഞു.
പ്രകോപിതയായ പെൺകുട്ടി പിറ്റേന്ന് രാവിലെ കാമുകനെ വീട്ടിലേക്ക് വിളിക്കുകയും റുദൗലി പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തെന്ന് എസ്എച്ച്ഒ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കൗൺസിലറെയും കൂട്ടി ചർച്ചക്ക് ശ്രമിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല.
താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. മർദ്ദിച്ചതിനും കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.