തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ, ആലൂർ, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശ്ശേരി, കൂറ്റനാട്, തണ്ണീർകോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കവും മുഴക്കവും അനുഭവപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂരിലെ കുന്ദംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായതെന്നും നാല് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തില്‍ തീവ്രത 3 രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണിതെന്നും അധികൃതര്‍ അറിയിച്ചു.