​ഗൂ​ഗിൾ പേയിലൂടെ ഫോൺ റീചാർജ് ചെയ്യാറുണ്ടോ ? എന്നാൽ ഇനി അധിക പണം നൽകണം

​ഗൂ​ഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്താൽ ഇനി അധിക പണം നൽകണമെന്ന് റിപ്പോർട്ട്. ​ഗൂ​ഗിൾ പേയിലൂടെ പ്രീപെയ്ഡ് പ്ലാൻ വാങ്ങുന്ന ഉപയോക്താക്കളാണ് അധിക രൂപ നൽകേണ്ടി വരിക. പേയ്ടിഎം, ഫോൺ പേ എന്നീ യുപിഐ ആപ്പുകൾ നേരത്തെ തന്നെ ഫോൺ റീചാർജിന് സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഇക്കൂട്ടത്തിലേത്താണ് ​ഗൂ​ഗിൾ പേയും വന്നിരിക്കുന്നത്. ( Google Pay starts charging Rs 3 convenience fee on mobile recharge )

​ഗൂ​ഗിൾ പേ സർവീസ് ചാർജിന്റെ കാര്യം ഔദ്യോ​ഗികമായി ഉപയോക്താക്കളെ അറിയിച്ചിട്ടില്ല. ​ഗൂ​ഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് മൂന്ന് രൂപ അധികമായി നൽകേണ്ടി വന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ​ജി-പേയും റീചാർജിനായി സർവീസ് ചാർജ് ഏർപ്പെടുത്തിയത് അറിയുന്നത്.

നൂറ് രൂപയ്ക്ക് താഴെ വരുന്ന ഫോൺ റീചാർജുകൾക്ക് കൺവേയൻസ് ഫീ വരില്ല. എന്നാൽ നൂറ് രൂപയ്ക്കും 200 രൂപയ്ക്കും മധ്യേ വരുന്ന റീചാർജുകൾക്ക് രണ്ട് രൂപയും 200-300 രൂപയ്ക്ക് മധ്യേ വരുന്ന റീചാർജുകൾക്ക് മൂന്ന് രൂപയുമാണ് അധിക ചാർജ് വരിക. 300 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കും മൂന്ന് രൂപ തന്നെയാണ് കൺവേയൻസ് ഫീ ആയി ഈടാക്കുക.

ഇനി മുതൽ അതത് ടെലിക്കോം ഓപറേറ്ററുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ റീചാർജ് ചെയ്താൽ മാത്രമേ കൺവേയൻസ് ഫീ കൂടാതെ റീചാർജ് സാധ്യമാകൂ എന്ന് ചുരുക്കം.

Vartha Malayalam News - local news, national news and international news.