അടിമുടി ജനസേവകനായിരുന്നു ഉമ്മൻചാണ്ടി. നിശ്ചയിച്ച വിവാഹം നീണ്ടുപോകാൻ പോലും ഉമ്മൻചാണ്ടിയുടെ തിരക്കുപിടിച്ച പൊതുപ്രവർത്തനം കാരണമായി. വിവാഹ നിശ്ചയത്തിന് ശേഷമായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിൽ ഉമ്മൻചാണ്ടിയുടെ രണ്ടാം അങ്കം. 1977ൽ പുതുപ്പള്ളിയിൽ പി സി ചെറിയാനെതിരെ ആയിരുന്നു കന്നിയങ്കം. പലരും ഉമ്മൻചാണ്ടി പരാജയപ്പെടുമെന്ന് അടക്കംപറഞ്ഞ തെരഞ്ഞെടുപ്പ്. അങ്ങനെയിരിക്കെ കുഞ്ഞൂഞ്ഞിന്റെ മണവാട്ടിയാകാൻ കാത്തിരുന്ന മറിയാമ്മയ്ക്ക് ഒരു കത്ത് കിട്ടി. ഉമ്മൻചാണ്ടി അയച്ച ആദ്യ കത്ത്.
ആദ്യത്തെ ‘പ്രണയലേഖനം’ അതായിരുന്നു. അത് വായിക്കാൻ സ്വാഭാവികമായും മറിയാമ്മ ആകാംക്ഷാഭരിതയായിരുന്നു. അതിലെ രണ്ടു വരികൾ ഇങ്ങനെ: ‘ഇത് തിരഞ്ഞെടുപ്പ് സമയമാണ്, പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തുക’ അത്രമാത്രം. രാഷ്ട്രീയക്കാരനാണ് തന്നെ വിവാഹം ചെയ്യുന്നു എന്നതിൽ ഏറെ ടെൻഷൻ അനുഭവിച്ചിരുന്നു എന്ന് മറിയാമ്മ. എങ്ങാനും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ പുതുപ്പെണ്ണിനെ ആരും പഴിക്കരുതല്ലോ എന്ന് മറിയാമ്മ ചിന്തിച്ചിരുന്നു.
ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ നിന്നുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു അത്. “കടുത്ത മത്സരത്തിൽ എതിർ സ്ഥാനാർത്ഥി പി.സി. ചെറിയാനായിരുന്നു. ‘നന്നായി പ്രാർത്ഥിക്കൂ’ എന്ന കസിന്റെ വാക്കുകൾ എന്നെ പേടിപ്പെടുത്തി. ഞാൻ കഠിനമായി പ്രാർത്ഥിച്ചു. പരാജയപ്പെട്ടാൽ കുറ്റം നവവധുവിന്റെ മേൽ വരരുത്,” മറിയാമ്മ പറഞ്ഞു.
പക്ഷെ ചാണ്ടി ആ മത്സരത്തിൽ ജയിച്ചു. അന്ന് രാഷ്ട്രീയത്തെ കുറിച്ച് വലിയ പിടി ഇല്ലായിരുന്നു മറിയാമ്മയ്ക്ക് എങ്കിലും, ആ മനസ്സിൽ ചെറിയ സന്തോഷം അനുഭവപ്പെട്ടിരുന്നു. ചാണ്ടിയുടെ തിരക്കുകളിൽ വിവാഹം വൈകി. കല്യാണം നടന്നേക്കില്ല എന്ന് ബന്ധുക്കൾ അപ്പോഴേക്കും അടക്കം പറഞ്ഞിരുന്നു. പക്ഷെ അതെല്ലാം അതിജീവിച്ചു കൊണ്ട് ചാണ്ടിയും മറിയാമ്മയും ജീവിതത്തിൽ ഒന്നിച്ചു.
“അദ്ദേഹം അഹങ്കാരിയല്ല, ഒന്നിലും നിയന്ത്രിക്കാൻ ശ്രമിക്കില്ല, അപൂർവ്വമായി ദേഷ്യപ്പെടാറുണ്ട്. എല്ലാത്തിലും പൂർണ സ്വാതന്ത്ര്യമുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ കടുംപിടിത്തമില്ല. മേശപ്പുറത്ത് കേടുവന്നുതുടങ്ങിയ ഒരു പഴമുണ്ടെങ്കിൽ അത് അദ്ദേഹം പറിച്ചെടുക്കും. അതാണ് അദ്ദേഹം. വ്യക്തിയുടെ ബാഹ്യ രൂപമോ നന്നായി വസ്ത്രം ധരിച്ച പങ്കാളിയോ അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിക്കില്ല. അത് അദ്ദേഹത്തിന് പ്രശ്നമല്ല. ജനങ്ങളോടും നിയോജക മണ്ഡലത്തോടും ആണ് അദ്ദേഹത്തിന് കൂടുതൽ ശ്രദ്ധ,” മറിയാമ്മ മുൻപൊരിക്കൽ പറഞ്ഞിരുന്നു.