അരൂര്‍-തുറവൂര്‍ മേഖലയില്‍ നിലവിലുള്ള ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി

ഉയരപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് അരൂര്‍-തുറവൂര്‍ മേഖലയില്‍ നിലവിലുള്ള ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുറവൂര്‍-കുമ്പളങ്ങി തീരദേശ റോഡും തുറവൂര്‍-തൈക്കാട്ടുശ്ശേരി റോഡും ഭാഗികമായി ഉടന്‍ ദേശീയപാത അതോറിറ്റി ടാര്‍ ചെയ്യും. അറ്റകുപ്പണി നടത്തി കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടും. ജില്ലയിലെ ദേശീയപാതാ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ ചര്‍ച്ച ചെയ്യാനും നിര്‍മാണ പുരോഗതി വിലയിരുത്താനുമായി ബഹു.എം.പി. ശ്രീ കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നു.

തുറവൂര്‍-അരൂര്‍ മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നിലവിലുള്ള സര്‍വീസ് റോഡുകള്‍ എത്രയും വേഗം ശക്തിപ്പെടുത്താനും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തുറവൂര്‍ കുമ്പളങ്ങി തീരദേശ റോഡിലെ 10 കിലോമീറ്ററും തൈക്കാട്ടുശ്ശേരി റോഡില്‍ അഞ്ച് കിലോമീറ്ററുമാണ് വാഹനഗതാഗതം സുഗമമാക്കുന്നതിന് ദേശീയപാതാ വിഭാഗം ടാര്‍ ചെയ്യുക. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതിന് പൊലീസിനെയും ട്രാഫിക് മാര്‍ഷലുമാരെയും നിയോഗിക്കും.

കായംകുളം ഒ എന്‍ കെ ജംങ്ഷനിലെ അടിപ്പാതയുടെ ഉയരം ഏറ്റവും കുറഞ്ഞത് 4.5 മീറ്റര്‍ ഉറപ്പുവരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. ഹരിപ്പാട്, അമ്പലപ്പുഴ ഫ്‌ളൈ ഓവറുകളുടെ നീളം കൂട്ടണമെന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തില്‍ ആര്‍ ഒ യുടെ നേതൃത്വത്തില്‍ സംയുക്തപരിശോധന നടത്തും. മാരാരിക്കുളം കളിത്തട്ട്, പൊന്നാംവെളി എന്നിവിടങ്ങളില്‍ അടിപ്പാതവേണമെന്ന ആവശ്യത്തിലും പ്രദേശത്തെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധന നടത്തും. അര്‍ത്തുങ്കല്‍ അടിപ്പാതയുടെ നിര്‍മാണം വേഗത്തിലാക്കും. ദേശീയപാതയില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ക്രോസ് ചെയ്യുന്ന പ്രദേശങ്ങളില്‍ ദേശീയപാതാ ഉദ്യോഗസ്ഥരും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തി ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തും.

Vartha Malayalam News - local news, national news and international news.