കുടുംബം തകർക്കുന്ന തക്കാളി; കറിയില്‍ 2 തക്കാളി ഇട്ടു; ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യ

ഭോപ്പാൽ∙ തക്കാളിക്കു വില കുത്തനെ കൂടുന്നതു കുടുംബബജറ്റ് താളംതെറ്റിക്കുന്നതിനു പിന്നാലെ കുടുംബബന്ധങ്ങളെ തന്നെ തകര്‍ക്കുന്ന കഥകളാണ് മധ്യപ്രദേശില്‍നിന്നു പുറത്തുവരുന്നത്. ഭാര്യ പറഞ്ഞത് അനുസരിക്കാതെ കറിയില്‍ രണ്ട് തക്കാളി ഇട്ടതിന്റെ പേരില്‍ ഭാര്യ പിണങ്ങിപ്പോയി എന്ന പരാതിയുമായി യുവാവ് രംഗത്ത്. മധ്യപ്രദേശിലെ ഷഹ്‌ദോല്‍ എന്ന സ്ഥലത്താണു സംഭവം. ഭാര്യയായ ആരതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് എന്ന യുവാവ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് തക്കാളി വില്ലനായ കഥ പുറത്തുവന്നത്. 

കറിയില്‍ തക്കാളി ഇടരുതെന്നാണ് ഭാര്യ പറഞ്ഞിരുന്നത്. എന്നാല്‍ സന്ദീപ് ഇത് അനുസരിച്ചില്ല. തുടര്‍ന്ന് ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെ മകളെയും കൂട്ടി ഭാര്യ വീടുവിട്ട് ഇറങ്ങുകയായിരുന്നു. 'അവള്‍ മകളെയും കൊണ്ടു വീടു വിട്ട് ബസില്‍ കയറിപ്പോയി. കഴിഞ്ഞ മൂന്നു ദിവസമായി അവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. ഫോട്ടോ പൊലീസിനു നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.' - സന്ദീപ് പറഞ്ഞു. 

ആരതി ഭര്‍ത്താവുമായി വഴക്കടിച്ച് അവരുടെ സഹോദരിയുടെ വീട്ടിലേക്കു പോയതാണെന്നാണു കരുതുന്നതെന്ന് പൊലീസ് അറിയിച്ചു. അവരെ മടക്കിയെത്തിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് വ്യക്തമാക്കി. 

രാജ്യമെമ്പാടും തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് വാര്‍ത്ത പുറത്തുവരുന്നത്. പലയിടത്തും കിലോയ്ക്ക് 200 വരെയാണു തക്കാളിയുടെ വില. വില നിയന്ത്രിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

Vartha Malayalam News - local news, national news and international news.