തല ബലമായി താഴ്ത്തി, കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു': ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി പുറത്ത്

തട്ടിക്കൊണ്ട് പോയ അന്ന് ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തന്നെ പാര്‍പ്പിച്ചതെന്ന് ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി.

കാറില്‍ പോകുന്ന വഴി പല സ്ഥലത്ത് വച്ചും കുട്ടിയുടെ തല പ്രതികള്‍ ബലം പ്രയോഗിച്ച്‌ താഴ്ത്തി.

ഇതിനിടെ താൻ കരഞ്ഞപ്പോള്‍ ബലമായി വായ പൊത്തിപ്പിടിച്ചെന്നും കുട്ടി പോലീസിന് മൊഴി നല്‍കി. തട്ടിക്കൊണ്ട് പോയതിന്‍റെ പിറ്റേന്ന് കാറിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചത്. സംഘത്തില്‍ ആദ്യമുണ്ടായിരുന്നവരേക്കാള്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും ലഭിക്കുന്ന സൂചന.

പപ്പ വരുമെന്നാണ് തന്നെ പാര്‍ക്കില്‍ കൊണ്ടുവിട്ടപ്പോള്‍ സംഘത്തിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞതെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റില്‍ പ്രത്യേക പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി.

ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. ഇയാളുടെ ഒരു ഫോണ്‍ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്.

പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്ലാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് വൈകുന്നേരം പോലീസെത്തി പരിശോധിച്ചത്.

കേസില്‍ അന്വേഷണം നഴ്സിംഗ് സംഘടനയിലേക്കും നീളുകയാണെന്ന് വ്യാഴാഴ്ച റിപ്പോര്‍ട്ട് വന്നിരുന്നു. നഴ്‌സുമാരുടെ സംഘടനയിലെ തര്‍ക്കവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Vartha Malayalam News - local news, national news and international news.